പാലക്കാട്: പാർട്ടി പുന:സംഘടനയിലെ അതൃപ്തി വ്യക്തമാക്കി പരസ്യ പ്രസ്താവനയുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍.
പാര്‍ട്ടി പുനഃസംഘടനയില്‍ അതൃപ്തിയുണ്ട്. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ദേശീയതലത്തില്‍ പ്രവര്‍ത്തിക്കവേയാണ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചാണ് പുനഃസംഘടന നടന്നതെന്നും അവര്‍ വ്യക്തമാക്കി.
തനിക്ക് അതൃപ്തി ഉണ്ട് അത് മറച്ചുവക്കാനില്ല. പൊതു പ്രവര്‍ത്തനം തുടരുമെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. പാര്‍ട്ടിയുടെ മുന്‍പന്തിയില്‍ ഇല്ലാതിരുന്നാലും പൊതു പ്രവര്‍ത്തന രംഗത്ത് എപ്പോഴും തുടരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
നേരത്തെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭ സുരേന്ദ്രന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു എങ്കിലും ഒടുവിൽ കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പൊതുപരിപാടികളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ശോഭ സുരേന്ദ്രന്‍ വിട്ട് നിന്നത്. ഇതിന് പിന്നാലെ എ.പി അബ്ദുള്ളകുട്ടിയെ ദേശീയ ഭാരവാഹിയാക്കിയതും തര്‍ക്കം രൂക്ഷമാക്കാന്‍ ഇടയായി.



