കാളികാവ്: അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളിലൂടെ മാത്രം ലഭിക്കുന്ന
വില കൂടിയതും അപകടകാരിയുമായ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ കാളികാവ് പൊലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്നും ഗ്രാമിന് 600 ഡോളര്‍ വിലവരുന്ന 20 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടിച്ചെടുത്തു. ക്രിസ്റ്റല്‍ മെത്ത്, ഐസ് മെത്ത് എന്ന പേരിലും ഈ മരുന്ന് അറിയപ്പെടുന്നുണ്ട്.
ചോക്കാട് സ്വദേശികളായ നീലാമ്പ്ര നൗഫല്‍(40), വടക്കുംപറമ്പന്‍ ആശിഷ് (25), നെച്ചിയില്‍ ജിതിന് (24) എന്നിവരാണ് പിടിയിലായത്. 19-10-2020 തിങ്കളാഴ്ച പുലര്‍ച്ച ഒന്നിന് ചോക്കാട് വിത്ത് ഫാം പരിസരത്തുനിന്നാണ് ഇവരെ പിടികൂടിയത്.
പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു ഇവരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. തുടർന്ന് ഇവർ സഞ്ചരിച്ച ജീപ്പ് പരിശോധിക്കുന്നതിനിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അന്താ രാഷ്ട്രബന്ധം കൊണ്ടു മാത്രമേ ഈ മയക്കുമരുന്ന് നാട്ടിലെത്തിക്കാൻ കഴിയൂ എന്ന് സി.ഐ ജോതീന്ദ്രകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലിസ് പറഞ്ഞു.
ഈ മരുന്ന് എങ്ങനെ നാട്ടിലെത്തി എന്നു വിശദമായി അന്വേഷിക്കും.
എസ്.ഐ വിവേക്, എ.എസ്.ഐ പ്രതീപ്, സി.പി.ഒമാരായ സി.കെ. സജേഷ്, കെ.ടി. ആശിഫലി, കെ. പ്രിന്‍സ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.



