കൊച്ചി: കസ്റ്റംസ് കേസിൽ ഒക്ടോബർ 23 വെള്ളിയാഴ്ച വരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വെളളിയാഴ്ചയ്ക്കു മുൻപ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി കസ്റ്റംസിന് നിർദ്ദേശം നൽകി. അറസ്റ്റ് തടഞ്ഞിട്ടുണ്ട് എങ്കിലും കേസുമായി ബന്ധപ്പെട്ട് ശിവശങ്കരനെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യാം.
അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ട് എന്നതുൾപ്പടെയുള്ള വാദങ്ങളാണ് ശിവശങ്കരന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ഒക്ടോബർ 16 വെള്ളിയാഴ്ച കസ്റ്റംസ് തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി ശിവശങ്കരൻ കോടതിയെ ബോധിപ്പിച്ചു. “നിയമവ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെളളിയാഴ്ച വൈകിട്ട് തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. ഇതുവരെ 90 മണിക്കൂറോളം തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. അറിയുന്ന എല്ലാ കാര്യങ്ങളും താൻ വെളിപ്പെടുത്തിക്കഴിഞ്ഞു. സ്വർണക്കടത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ല. അന്വേഷണവുമായി പൂർണമായും സഹകരിക്കും, ഒളിവിൽ പോകില്ല. തന്റെ ആരോഗ്യസ്ഥിതി മോശമാണ്. മെഡിക്കൽ റെക്കോർഡുകൾ പരിശോധിച്ചാൽ അത് ബോധ്യമാകും.” ശിവശങ്കരൻ കോടതിയെ ബോധിപ്പിച്ചു.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം ഐ.സി യുവിലാണ് ശിവശങ്കരൻ ഉള്ളത്. തിങ്കളാഴ്ച (19/10/20) രാവിലെ ജാമ്യാപേക്ഷ പരിഗണിക്കാൻ കോടതി വിസമ്മതിച്ചിരുന്നുവെങ്കിലും ഉച്ചയ്ക്ക് അറസ്റ്റ് തടഞ്ഞു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
