റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിന് വാര്‍ഡ് സംവരണം നിശ്ചയിക്കുന്നതിനുളള നറുക്കെടുപ്പ് 28 മുതല്‍ ഒക്ടോബര്‍ ആറ് വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് 28 മുതല്‍ ഒക്ടോബര്‍ ഒന്ന്വരെ നടക്കും.  ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 5-നാണ്. തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകള്‍ക്ക് ഒക്ടോബര്‍ 6നും, കൊച്ചി തൃശ്ശൂര്‍ കോര്‍പ്പറേഷനുകള്‍ക്ക് സെപ്റ്റംബര്‍ 30നും, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ക്ക് സെപ്റ്റംബര്‍ 28നുമാണ് നറുക്കെടുപ്പ്.

ത്രിതല പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് നടത്തുന്നത്.  മുനിസിപ്പാലിറ്റികളിലേത്  നഗരകാര്യ ജോയിന്റ് ഡയറക്ടര്‍മാരും കോര്‍പ്പറേഷനുകളിലേത്  നഗരകാര്യ ഡയറക്ടറുമാണ് നടത്തുന്നത്.

സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ്ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ്ഗം എന്നീ അഞ്ച് വിഭാഗങ്ങള്‍ക്കാണ് സംവരണം നിശ്ചയിക്കേണ്ടത്.  സ്ത്രീകള്‍ക്കുളള സംവരണം അമ്പത് ശതമാനമാണ്.  പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ജനസംഖ്യാനുപാതികമായിട്ടാണ് സംവരണം.

പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളുടെ എണ്ണം  പഞ്ചായത്ത് ഡയറക്ടറും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളുടേത്   സര്‍ക്കാരുമാണ് നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുളളത്.

സ്ത്രീകള്‍ക്കുളള സംവരണവാര്‍ഡുകളാണ് ആദ്യം നിശ്ചയിക്കുന്നത്.2015-ല്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യാത്ത എല്ലാ വാര്‍ഡുകളും ഇപ്പോള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും.  ആകെ വാര്‍ഡുകളുടെ എണ്ണം ഒറ്റസംഖ്യ വരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഒരു സ്ത്രീ സംവരണ വാര്‍ഡിന് നറുക്കെടുപ്പ് വേണ്ടി വരും.  നിലവിലെ സ്ത്രീ സംവരണ വാര്‍ഡുകളില്‍ 2010-ലും സ്ത്രീ സംവരണമുണ്ടായിരുന്ന  വാര്‍ഡുകളെ ഒഴിവാക്കിയാണ് ഇതിനായി നറുക്കെടുക്കുന്നത്.

സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്ന വാര്‍ഡുകളില്‍ നിന്നാണ് പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ്ഗ സ്ത്രീ എന്നിവര്‍ക്കുളള വാര്‍ഡുകള്‍ നിശ്ചയിക്കുന്നത്.  2010-ലോ 2015-ലോ പട്ടികജാതി  വിഭാഗത്തിന് സംവരണം ചെയ്ത വാര്‍ഡുകളെ ഒഴിവാക്കിയാണ് പട്ടികജാതി സ്ത്രീ സംവരണത്തിന് നറുക്കെടുക്കേണ്ടത്.  പട്ടികവര്‍ഗ്ഗ സ്ത്രീ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനും 2010-ലോ 2015-ലോ പട്ടികവര്‍ഗ്ഗത്തിന് സംവരണം ചെയ്ത വാര്‍ഡുകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കണം.

സ്ത്രീ സംവരണം നിശ്ചയിച്ചതിന് ശേഷമുള്ള വാര്‍ഡുകളില്‍ നിന്ന് വേണം പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകള്‍ നറുക്കെടുക്കേണ്ടത്.  2010-ലോ 2015-ലോ പട്ടികജാതിക്കോ പട്ടികവര്‍ഗ്ഗത്തിനോ സംവരണം ചെയ്ത വാര്‍ഡുകളുണ്ടെങ്കില്‍ അവ അതാത് വിഭാഗത്തിന്റെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8139/election.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *