ദമാം: സൗദി ദമാം വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. വയനാട് സ്വദേശി ചക്കര വീട്ടിൽ അബൂബക്കറിനെ മകൻ അൻസിഫ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ സനദ് (22), മലപ്പുറം താനൂര് കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടിൽ മുഹമ്മദ് ഷഫീക്ക് (22) എന്നിവരാണ് മരിച്ചത്. 24-09-2020 വ്യാഴാഴ്ച വെളുപ്പിന് ദമാം ദഹ്റാൻ മാളിന് സമീപത്താണ് അപകടം ഉണ്ടായത്.
സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞ് മടങ്ങി വരുന്ന വഴി അവരുടെ കാർ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിക്കുകയാണുണ്ടായത്. മൂന്നുപേരും അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്സിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും . മൂന്നുപേരും ദമാം ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥികളാണ്. കുടുംബാംഗങ്ങൾ ദമാമിൽ തന്നെയുണ്ട്.

