ന്യൂഡൽഹി, 2026 മെയ് 30 –
വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസ് നേരിട്ട് ലഭ്യമാക്കാൻ ആലോചന
രണ്ടായിരത്തി ഇരുപത്തിയേഴുമുതൽ മാർക്ക് ലിസ്റ്റിനൊപ്പം സ്കാൻ ചെയ്ത ഉത്തരക്കടലാസുകളും വിദ്യാർത്ഥികളുടെ ഡിജിലോക്കർ അക്കൗണ്ടിൽ ലഭ്യമാക്കാൻ സി ബി എസ് ഇ ആലോചിക്കുന്നു. പരീക്ഷയും മൂല്യനിർണയവും കൂടുതൽ സുതാര്യമാക്കാനാണ് നീക്കം. നിലവിൽ പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും മാർക്ക് ലിസ്റ്റുകളാണ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നത്. പുതിയ സംവിധാനം വന്നാൽ എല്ലാ വിഷയങ്ങളുടെയും സ്കാൻ ചെയ്ത ഉത്തരക്കടലാസുകളും വിദ്യാർത്ഥികൾക്ക് നേരിട്ട് കാണാനാകും. അതിനു ശേഷം ആവശ്യമെങ്കിൽ പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാം.
ഉത്തരക്കടലാസ് മാറി ലഭിച്ച സംഭവങ്ങൾക്ക് പിന്നാലെ നടപടി
പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ നടപടിക്കിടെയാണ് ചില വിദ്യാർത്ഥികൾക്ക് മറ്റുള്ളവരുടെ ഉത്തരക്കടലാസ് ലഭിച്ചതായി പരാതി ഉയർന്നത്. വേദാന്ത് എന്ന വിദ്യാർത്ഥിയുടെ പരാതിക്ക് പിന്നാലെ മറ്റൊരു വിദ്യാർത്ഥിനിയായ സഞ്ജനയ്ക്കും തെറ്റായ ഉത്തരക്കടലാസ് ലഭിച്ചതായി സി ബി എസ് ഇ സമ്മതിച്ചു. പിന്നീട് ശരിയായ ഉത്തരക്കടലാസ് നൽകിയതായും ബോർഡ് വ്യക്തമാക്കി. ഇതുവരെ കുറഞ്ഞത് ഇരുപത് വിദ്യാർത്ഥികൾക്കെങ്കിലും തെറ്റായ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ ലഭിച്ചതായാണ് വിവരം. സി ബി എസ് ഇയുടെ ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനത്തിനെതിരെ ഇതോടെ ചോദ്യങ്ങൾ ഉയർന്നു. അതേസമയം പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ നടപടികൾ വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ കാരണം വൈകിയിരിക്കുകയാണ്.
നാല്പത് കോടിയിലേറെ പേജുകൾ സ്കാൻ ചെയ്തു
ഈ വർഷം ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനത്തിൽ തൊണ്ണൂറ്റിയെട്ട് ലക്ഷം ഉത്തരക്കടലാസുകളിലെ നാല്പത് കോടിയിലേറെ പേജുകൾ സ്കാൻ ചെയ്തതായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. സ്കാൻ നിലവാരം മോശമായതിനാൽ അറുപത്തെണ്ണായിരം ഉത്തരക്കടലാസുകൾ വീണ്ടും സ്കാൻ ചെയ്യേണ്ടിവന്നു. വീണ്ടും സ്കാൻ ചെയ്ത ശേഷവും പതിമൂന്നായിരത്തിലേറെ ഉത്തരക്കടലാസുകൾ വായിക്കാൻ പറ്റാത്ത നിലയിലായിരുന്നതിനാൽ അവ മാനുവലായി പരിശോധിക്കേണ്ടിവന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്താരാഷ്ട്ര സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ സംവിധാനം ഉപയോഗിക്കുന്നതിനാൽ ഓൺ സ്ക്രീൻ മാർക്കിങ് തുടരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.