ന്യൂഡൽഹി: ഏഴ് വർഷം മുമ്പ് കേദാർനാഥിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണമടഞ്ഞ നാല് തീർത്ഥാടകരുടെ ശരീരാവശിഷ്ടങ്ങൾ കൂടി തിരച്ചിലിനിടെ കണ്ടെത്തി.
കേദാർനാഥിനടുത്ത് ത്രിയോഗിനാരായൺ വഴി തോഷിക്ക് പോകുന്ന ട്രക്ക് പാതയുടെ അരികിൽ നിന്നുമാണ് നാല് മനുഷ്യാസ്ഥികൂടങ്ങൾ ലഭിച്ചത്. പ്രളയത്തിൽ കാണാതായവർക്കായി തെരച്ചിൽ നടത്തണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഈ വർഷം ആദ്യം ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ഉത്തരാഖണ്ഡ് പൊലീസിൻ്റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും പ്രത്യേക സംഘം തെരച്ചിൽ തുടങ്ങിയത്. ലഭിച്ച ശരീരാവശിഷ്ടങ്ങൾ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കും.
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥ് മേഖലയിൽ 2013 ൽ ഉണ്ടായ മിന്നൽ പ്രളയിൽ ആയിരക്കണക്കിന് കേദാർനാഥ് തീർത്ഥാടകരാണ് മരണമടഞ്ഞത്. 3886 പേരെ കാണാതായിരുന്നു. 2013 മുതൽ പലപ്പോഴായി നടത്തിയ തെരച്ചിലിനിടയിൽ 703 പേരുടെ മൃതദേഹ അവശിഷ്ടങ്ങൾ മാത്രമേ ലഭിച്ചുള്ളൂ.


