കൊട്ടിയം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍റെ ഉത്തരവനുസരിച്ചാണ് അന്വേഷണം കൈമാറിയത്. കൊട്ടിയം സ്വദേശിനിയായ 24 കാരി 2020 സെപ്‌തംബര്‍ 3 നാണ് ജീവനൊടുക്കിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്ന ഹാരിസിനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഹാരിസ് റിമാന്‍റിലാണ്.
ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയതില്‍ കുടുംബത്തിന്‍റെയും പ്രേരണയുളളതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. കൊട്ടിയം കണ്ണനെല്ലൂര്‍ സിഐ മാരുടെ നേതൃത്വത്തിലുളള പോലീസ് സംഘത്തിന്‍റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് എ സി പി ഉത്തരവായത്. . അതേസമയം കുറ്റക്കാരായ മുഴുവന്‍ പേരേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് ഫോര്‍ റംസിയ എന്ന വാട്‌സാപ്പ് കൂട്ടായ്‌മ നാളെ ലോംഗ് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹാരിസിന്‍റെ അമ്മയുടേയും, സഹോദരന്‍റെ ഭാര്യയും നടിയുമായ ലക്ഷ്‌മി പ്രമോദിന്‍റെയും അപേക്ഷ അടുത്ത ആഴ്‌ച കോടതി പരിഗണിക്കും. സീരിയല്‍ നടിയുടെ മൊഴി അന്വേഷണ സംഘം നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പോലീസ് കസ്‌റ്റഡി യിലെടുത്തിരുന്നു.
