കൊല്ലം ജില്ലയിലെ ഹാര്‍ബറുകള്‍ ഉടന്‍ തുറക്കും; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

കൊല്ലം: ജില്ലയിലെ ഹാര്‍ബറുകള്‍ താത്കാലികമായി അടച്ചിട്ടത് ഉടന്‍ തുറക്കാന്‍ നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഹാര്‍ബറുകള്‍ അടച്ചത് രോഗബാധിതരെ കണ്ടെത്താനും പരിശോധന നടത്താനുമാണ്. ബോട്ടുകളില്‍ പോയ തൊഴിലാളികള്‍, കച്ചവടക്കാര്‍, ഹെഡ് ലോഡ് തൊഴിലാളികള്‍, എന്നിവരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. നീണ്ടകരയില്‍ പോസിറ്റീവായ ഒരാള്‍ക്ക് അഴീക്കലില്‍ വ്യാപകമായ സമ്പര്‍ക്കം കണ്ടെത്തിയിരുന്നു. ഇക്കാരണങ്ങളാലാണ് ഹാര്‍ബറുകള്‍ താത്ക്കാലികമായി അടച്ചിടേണ്ട സാഹചര്യം വന്നത്. തിരുവനന്തപുരത്തിന് സമാനമായ സാഹചര്യം ഇനിയും ഉണ്ടാവരുത്. മത്സ്യ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവുമാണ് പ്രധാനം. മത്സ്യ തൊഴിലാളികള്‍ കുപ്രചരണങ്ങളില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞു.

ഹാര്‍ബറുകള്‍ നിയന്ത്രിക്കാന്‍ ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍

കോവിഡ് പോസിറ്റീവ് കേസുകള്‍ ഹാര്‍ബറുകളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് ഇന്‍സിഡന്റ് കമാണ്ടര്‍മാരായി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. ശക്തികുളങ്ങര, തങ്കശ്ശേരി,വാടി, മൂതാക്കര, ജോനകപ്പുറം, കൊല്ലം പോര്‍ട്ട് എന്നിവിടങ്ങളില്‍ കൊല്ലം എ സി പി എ പ്രതീപ് കുമാറിനും നീണ്ടകര, അഴീക്കല്‍ എന്നിവിടങ്ങളില്‍ കരുനാഗപ്പള്ളി എ സി പി ബി ഗോപകുമാറിനുമാണ് ചുമതല. ഹാര്‍ബറുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന് ഉഗ്യോഗസ്ഥരുമായി ചേര്‍ന്ന് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനുള്ള പ്രത്യേക അധികാരവും ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍ക്കാണ്

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7342/-Harbours-will-open-soon;-Minister-J.-Mersikuttyamma.html

Share
അഭിപ്രായം എഴുതാം