മുംബൈ: ബാറ്റ് എടുക്കാതെ ഇത്രയും നാള്‍ ഇരിക്കുന്നത് കരിയറില്‍ ആദ്യമായിട്ടാണെന്നും അതിനാല്‍ വരുന്ന ഐപിഎല്‍ വലിയ വെല്ലുവിളിയാണെന്നും ക്രിക്കറ്റ് താരം രോഹിത് ശര്‍മ. എന്നാല്‍ ശാരീരികമായി ഫിറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ തന്നെ എങ്ങനെ ബാധിച്ചു എന്നതിനെ കുറിച്ച് പറയുകയായിരുന്നു താരം.
ഐപിഎല്‍ ചരിത്രത്തിലെ മികച്ച ക്യാപ്റ്റനായാണ് രോഹിതിനെ വിലയിരുത്തുന്നത്. ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയാണ് ഐപിഎല്ലില്‍ ഏറ്റവുമധികം തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ടീമിനെ ഇത്തവണ നയിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവുമധികം വിജയം കൈവരിച്ച ക്യാപ്റ്റനും അദ്ദേഹമാണ്. ഇതുവരെ 5 തവണ ഐപിഎല്‍ കിരീടങ്ങളില്‍ രോഹിത് ശര്‍മ ചുംബിച്ചു. 2009ല്‍ ജേതാക്കളായ ഡെക്കാന്‍ ചാര്‍ജേഴ്സ് ടീമിന്റെ ഭാഗമായിരുന്നു ഹിറ്റ്മാന്‍. 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പവും രോഹിത് ഉണ്ടായിരുന്നു. ഇത്തവണയും മുംബൈ ഇന്ത്യന്‍സിന് കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍മ്മ.
അതേസമയം, ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായ ധോണിയുമായി താരതമ്യം ചെയ്തതായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയം. മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയാണ് രോഹിത്തിനെ ഇന്ത്യന്‍ ടീമിലെ അടുത്ത ധോണിയായി താരതമ്യം ചെയ്തത്. എന്നാല്‍ അത്തരം താരതമ്യം ആവശ്യമില്ലെന്ന പരസ്യ നിലപാടാണ് രോഹിത് ശര്‍മ സ്വീകരിച്ചത്. ധോണിയെ പോലെ ധോണി മാത്രമാണുള്ളത്. സ്വന്തം ടീം അംഗങ്ങളില്‍ നിന്നു പോലും അത്തരം താരതമ്യം ആവശ്യമില്ലെന്ന് പറയുകയാണ് രോഹിത് ശര്‍മ. ‘ ശരിയാണ്, സുരേഷ് റെയ്‌നയുടെ ആ താരതമ്യം ഞാന്‍ കേട്ടു. എംഎസ് ധോണിയെ പോലെ എംഎസ് മാത്രമാണുള്ളത്. എല്ലാ വ്യക്തികളും വ്യത്യസ്തരാണ്. അവര്‍ക്ക് അവരുടേതായ ശക്തിയും ദൗര്‍ബല്യവുമുണ്ടെന്നാണ് രോഹിത് ട്വിറ്റര്‍ വീഡിയോയില്‍ പറഞ്ഞത്’. രോഹിത്തിന്റെ നായക ശേഷിയും കഴിവും ശാന്തതയും ധോണിയെപോലെ ആണെന്നാണ് സുരേഷ് റെയ്‌ന കഴിഞ്ഞ ആഴ്ച ഒരു വീഡിയോ ചര്‍ച്ചയില്‍ പറഞ്ഞത്




