റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമോ, മുഖ്യമന്ത്രിയുടെ ബുധനാഴ്ചത്തെ വാര്‍ത്താസമ്മേളനം വിരല്‍ചൂണ്ടുന്നത് അതിലേക്കെന്നു വിലയിരുത്തല്‍

July 23, 2020 - 10:33 am

കൊച്ചി: സംസ്ഥാനം മറ്റൊരു ലോക്ഡൗണിലേക്ക് പോകേണ്ട സ്ഥിതിവിശേഷം സംജാതമായിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി ബുധനാഴ്ച വാര്‍ത്താസമ്മേളനത്തേില്‍ അറിയിച്ചത്. 1038 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,000 കടന്നിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗപ്പകര്‍ച്ചയെ തടയാനുള്ള മാര്‍ഗങ്ങള്‍ ദുഷ്‌കരമായിരിക്കുന്നു. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ഇത് ഏറെ കൂടുതലാണ്.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നതനുസരിച്ച് ഉറവിടമറിയാത്ത കേസുകളും കൂടിവരികയാണ്. ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും വരുന്നവരെ നിരീക്ഷിച്ച് ചികിത്സിക്കാനുള്ള സംവിധാനം ഇപ്പോഴും ശക്തമാണ്. ഇപ്പോള്‍ നടക്കുന്നത് രോഗികള്‍ തന്നെ കൈമാറി നല്‍കുന്ന രോഗമാണ്. രോഗികളുടെ സമ്പര്‍ക്കപട്ടികയും റൂട്ട്മാപ്പുകളും അപ്രസക്തമായിക്കഴിഞ്ഞു.

നിലവില്‍ തീവ്രവ്യാപന മേഖലകളെന്നും മറ്റുള്ളവയുമെന്നും തരംതിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഓരോ ദിവസവും പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുകയും രോഗഭീതി ഒഴിവാക്കിയും സാധാരണനില കൈവരിച്ചതായി കണക്കാക്കുകയും ചെയ്യുന്നു. പൂന്തുറ, പുല്ലുവിള പ്രദേശത്തു മാത്രമേ സമൂഹവ്യാപനം നടന്നതായി സര്‍ക്കാര്‍ പറയുന്നുള്ളൂ. സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നതായി സര്‍ക്കാര്‍ പറയുന്നില്ല. എന്നാല്‍, ഓരോ ദിവസത്തെയും കണക്ക് പരിശോധിച്ചാല്‍ ആ അവസ്ഥയിലേക്ക് ഇനി അധികദൂരമില്ലെന്ന് മനസിലാക്കാം.

തിരുവനന്തപുരം ജില്ല കോവിഡ് വ്യാപനത്തില്‍ ഏറെ മുമ്പിലാണ്. തിരുവനന്തപുരം നഗരത്തില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ പ്രവര്‍ത്തനമേഖല കോവിഡ് കാര്യമായി പടര്‍ന്നതായി സ്ഥിരീകരിച്ച സ്ഥലങ്ങളാണ്. ഇത് സമൂഹവ്യാപനത്തിന്റെ അടയാളമായാണ് കണക്കാപ്പെടുന്നത്. നിലവില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കാത്തത് ജനജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ്. ഇതെല്ലാം പരിശോധിച്ചു മാത്രമേ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറയുന്നു.

രോഗവ്യാപനം വലിയ തോതിലുണ്ടാകുമെന്ന സൂചന മുഖ്യമന്ത്രിയുടെ ബുധനാഴ്ചത്തെ വാര്‍ത്താസമ്മേളനത്തിലുണ്ട്. കോവിഡ് ചികിത്സയ്ക്ക് നിലവിലുള്ള സംവിധാനങ്ങള്‍ക്കു പുറമേ 15,975 കിടക്കകളുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തയ്യാറായിട്ടുണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള 3.42 ലക്ഷം എന്‍95 മാസ്‌കുകളും 3.86 ലക്ഷം പിപിഇ കിറ്റുകളും 16.1 ലക്ഷം ത്രിലേയര്‍ മാസ്‌കുകളും 40.3 ലക്ഷം ഗ്ലൗസുകളും സ്റ്റോക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

80 വെന്റിലേറ്ററുകള്‍ കഴിഞ്ഞ ദിവസം വാങ്ങി. 270 ഐസിയു വെന്റിലേറ്റര്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിച്ചു. വരുന്ന ആഴ്ചയില്‍ 50 വെന്റിലേറ്റര്‍ കൂടി കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 6007 വെന്റിലേറ്റര്‍ രാപ്പകല്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഓക്‌സിജന്‍ സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. ഏഴ് മെഡിക്കല്‍ കോളേജുകളിലും ലിക്വിഡ് ഓക്‌സിജന്‍ സൗകര്യം ലഭ്യമാണ്. 947 ആംബുലന്‍സുകള്‍ കൊവിഡ് ആവശ്യങ്ങള്‍ക്കുവേണ്ടി സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം മുഖ്യമന്ത്രി ഒരുകാര്യംകൂടി അടിവരയിട്ട് പറഞ്ഞത് നിലവിലുള്ള സാഹചര്യം നേരിടാന്‍ നാം സജ്ജരാണ് എന്നാണ്. അതിനര്‍ഥം ഇനിയും സ്ഥിതിഗതികള്‍ വഷളായാല്‍ നിയന്ത്രണാതീതമാവുമെന്നുതന്നെയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *