തിരുവനന്തപുരം: ക്ഷമയോടെ കാത്തിരിക്കുകയും അവസരം വരുമ്പോൾ ആക്രമിക്കുകയും ചെയ്യുന്ന സ്വഭാവമുള്ള രാജ്യമാണ് ചൈന. ഇന്ത്യൻ അതിർത്തിയിൽ റോഡ് പദത്തിൻറെ പ്രകോപനം അല്ല ചൈനയുടെ യഥാർത്ഥ ലക്ഷ്യം. ഗൂഢമായ ലക്ഷ്യങ്ങളോടെയാണ് ആ രാജ്യം നീങ്ങുന്നത്. മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് നേതാവുമായ എ കെ ആൻറണി മാധ്യമങ്ങളോട് അതിർത്തിയിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.
ഇന്ത്യയിൽ ഏറ്റവും അധികം നാൾ പ്രതിരോധവകുപ്പ് മന്ത്രി ആയി പ്രവർത്തിച്ച ആളാണ് എ കെ ആൻറണി. ജോർജ് ഫെർണാണ്ടസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ ചൈനീസ് അതിർത്തിയിലെ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ പ്രതിരോധ മന്ത്രിയും എ കെ ആൻറണി ആണ്. പ്രതിരോധ മന്ത്രി എന്ന നിലയിൽ മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോഴത്തെ സാഹചര്യത്തെ പറ്റി സ്വന്തമായ വിലയിരുത്തലുണ്ട്. പക്ഷേ പരസ്യമായി പുറത്തു പറയുവാൻ പാടുള്ളതല്ല. താൻ പ്രതിരോധ മന്ത്രിയായിരിക്കെ 60,000 കോടി രൂപ ചിലവഴിച്ച പ്രത്യേക സൈനിക കോർ ബംഗാൾ കേന്ദ്രമാക്കി രൂപീകരിക്കുകയുണ്ടായി. ചൈനയുടെ ഭീഷണി തടയുന്നതിന് ലക്ഷ്യമിട്ടായിരുന്നു ഈ പ്രത്യേക കോറിന്റെ രൂപീകരണം. ശക്തമായി ഇതിനോട് പ്രതിഷേധം ചൈന രേഖപ്പെടുത്തിയിരുന്നു. പക്ഷേ അതിർത്തിയിൽ സംഘർഷത്തിന് മുതിർന്നില്ല. രാജ്യത്തിൻറെ ഭാഗത്തുനിന്നും അത്രയും വലിയ ഒരു നീക്കം ഉണ്ടായപ്പോൾ സംഭവിക്കാത്ത കാര്യം ഇപ്പോൾ ഒരു റോഡ് നിർമിച്ചത് കൊണ്ട് ഉണ്ടായി എന്നത് വിശ്വസനീയമല്ല. റോഡിനപ്പുറം വളരെ രഹസ്യമായ ലക്ഷ്യങ്ങൾ ചൈനയ്ക്ക് ഉണ്ട്. അത് എന്തൊക്കെ ആയിരിക്കാം എന്നതിനെക്കുറിച്ച് സ്വന്തമായ വിലയിരുത്തലും ഉണ്ട്- ഏ കെ ആൻറണി പ്രതികരിച്ചു.
അതിർത്തിയിൽ എന്താണ് നടക്കുന്നത് എന്നും സംഭവിച്ചത് എന്താണ് എന്നും പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ ജനങ്ങളോട് തുറന്നു പറയണം. രാജ്യ സുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയമോ അതുപോലെയുള്ള ഭിന്നതകളും മാറ്റിവെച്ച് ജനങ്ങൾ ഒറ്റക്കെട്ടായി മാതൃഭൂമിക്കും സൈന്യത്തിനു മുന്നിൽ നിൽക്കേണ്ട സമയമാണ് ഇത്. എന്തു നടക്കുന്നു എന്ന് ജനങ്ങളെ വിശ്വാസത്തിലെടുത്ത് വെളിപ്പെടുത്തുവാൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും തയ്യാറാവണം. അദ്ദേഹം ആവശ്യപ്പെട്ടു.
മുൻപ് ഒരിക്കലും ഗാൽവനോ താഴ്വരയിലേക്ക് ചൈന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഇപ്പോൾ അവിടെ അവരുടെ സൈന്യം പ്രവേശിച്ചിരിക്കുകയാണ്. നിയന്ത്രണ രേഖ കടന്ന് ചൈനീസ് പ്രദേശത്തേക്ക് പ്രവേശിക്കരുത് എന്ന് നിർദ്ദേശം എല്ലാകാലത്തും ഇന്ത്യൻ സൈന്യത്തിന് നൽകിയിട്ടുള്ളതാണ്. ആ നിർദേശം ലംഘിച്ച് ഇന്ത്യൻ സൈന്യം പ്രവർത്തിക്കും എന്ന് വിശ്വസിക്കാൻ വയ്യ. അതുകൊണ്ടുതന്നെ എന്നെ ചൈനയുടെ ഭാഗത്ത് നിന്നും ഇങ്ങോട്ട് ആണ് തള്ളിക്കയറ്റവും ആക്രമണവും നടന്നിരിക്കുന്നത് എന്ന് വ്യക്തമാണ്.



