അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇരുപതിലേറെ ഇന്ത്യന്‍ സൈനീകര്‍ക്ക് വീരമൃത്യു; 43 ചൈനീസ് പട്ടാളക്കാര്‍ക്ക് ജീവഹാനി എന്ന് റിപ്പോര്‍ട്ട്‌.

ന്യൂഡല്‍ഹി: തിങ്കളാഴ്ച രാത്രിയില്‍ ഗാല്‍വന്‍ പുഴയുടെ വക്കില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇരുപത് ഇന്ത്യന്‍ സൈനീകര്‍ക്ക് വീരമൃത്യു സംഭവിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ചൈനീസ് ഭാഗത്തും വലിയ ആള്‍നാശമുണ്ടായിട്ടുള്ളതായി എ എന്‍ ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 43 ചൈനീസ് പട്ടാളക്കാര്‍ക്ക് പരിക്കേല്‍ക്കുകയോ മരണം ചെയ്തിട്ടുണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു മണിക്കൂറിലേറെ ഏറ്റുമുട്ടല്‍ നീണ്ടുനിന്നു. കല്ലും ഇരുമ്പുദണ്ഡകളും ഉപയോഗിച്ചായിരുന്നു ചൈനീസ് സൈന്യത്തിന്റെ ആക്രമണം എന്നാണ് വിവരം.

തിങ്കളാഴ്ച രാത്രിയില്‍ ഉണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് ഔദ്യോഗികമല്ലാതെ ലഭിച്ചിട്ടുള്ള വിവരം ഇനി പറയുന്ന പ്രകാരമാണ്. ഗാല്‍വന്‍ താഴ്വരയില്‍ ചൈനീസ് സേനയുടെ പിന്‍മാറ്റത്തിന് ഇടയില്‍ ആണ് സംഘര്‍ഷമുണ്ടായത്. പിന്‍വാങ്ങലിനിടയില്‍ മറ്റൊരു വഴിയിലൂടെ നിയന്ത്രണരേഖയിലേക്ക് ചൈനീസ് സൈന്യം തള്ളിക്കയറി. സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പട്ടാളം ഇവരെ തടഞ്ഞു. ഇരുവശവും താഴ്വരയും അതിന്റെ ചുവട്ടിലൂടെ കുത്തൊഴുക്കുള്ള അരുവിയും ഉള്ള പ്രദേശത്ത് ആയിരുന്നു ഇന്ത്യന്‍ സൈന്യം. കുന്നിന് മുകളില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തിന് നേരെ കല്ലെറിയുകയും കല്ല് ഉരുട്ടിവിടുകയും ചെയ്തു. പിന്നാലെ സൈന്യം താഴേക്ക് ഇറങ്ങി വരികയും ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു.അഞ്ച് ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയും പതിനൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ചൈനീസ് സര്‍ക്കാരിന്റെ പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

നിയന്ത്രണരേഖയ്ക്ക് ഉള്ളിലേക്ക് ചൈന കടന്നുകയറുകയും അവിടെ സൈന്യത്തെ വിന്യസിക്കുകയും ചെയ്തത് ആഴ്ചകള്‍ക്ക് മുമ്പാണ്. ഇന്ത്യയുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ക്കൊടുവില്‍ ഇവിടെനിന്ന് പിന്‍മാറ്റം ആരംഭിച്ചിരുന്നു. പോയന്റ് 45 ,46 ,47 കളില്‍ നിന്ന് ആയിരുന്നു ചൈനീസ് സൈന്യം പിന്‍വാങ്ങാന്‍ ഉണ്ടായിരുന്നത്.

ഗാല്‍വന്‍ താഴ്വരയിൽ 20 സൈനീകർ ജീവഹാനി സംഭവിച്ചതായി സൈനിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. മൈനസ് ഡിഗ്രി കാലാവസ്ഥയാണ് ഗാല്‍വന്‍ താഴ്വരയിൽ ഇപ്പോൾ. പരിക്കേറ്റവർ മരണത്തിനിടയായതിന് പ്രധാന കാരണം കാലാവസ്ഥയുടെ പ്രതികൂല സ്ഥിതി ആണെന്ന് സൈന്യം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ അവിടെ ആരംഭിച്ചിട്ടുണ്ട്. ഉന്നതതല ചർച്ചയെത്തുടർന്ന് ഗാല്‍വന്‍ താഴ്വരയിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈന്യം പിന്മാറി തുടങ്ങി. ഹെലികോപ്റ്റർ ഉപയോഗിച്ച് ചൈനീസ് പക്ഷത്ത് പരിക്കുപറ്റിയ വരെയും മരിച്ചവരെയും നീക്കുന്ന പ്രവർത്തനമാരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →