വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം: ആനച്ചാലിൽ അടിയന്തര യോഗം ചേർന്നു

ഇടുക്കി മാർച്ച് 16: കൊറോണയുടെ  സാഹചര്യത്തിൽ  വിനോദസഞ്ചാര മേഖലകളിൽ  നിയന്ത്രണമേർപ്പെടുത്തി  ഇടുക്കി ജില്ലാ ഭരണകൂടം. കൂടുതൽ മേഖലകളിലേക്ക് വൈറസ് പടരാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടികളെപ്പറ്റി ആലോചിക്കുന്നതിനായി മൂന്നാറിനു പിന്നാലെ തൊട്ടടുത്ത ആനച്ചാലിലും  ജില്ലാ ഭരണകൂടം അടിയന്തര യോഗം ചേർന്നു. ഏറ്റവും കൂടുതൽ വിദേശീയർ തങ്ങുന്ന സ്ഥലങ്ങളിലൊന്നാണ് ആനച്ചാൽ.

ആനച്ചാൽ അയ്യപ്പക്ഷേത്ര ഒഡിറ്റോറിയത്തിൽ മന്ത്രി എംഎം മണിയുടെ നേതൃത്വത്തിൽ  എസ് രാജേന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇനി സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തു.  മേഖലകളിലെ വ്യാപാരി വ്യവസായി പ്രതിനിധികൾ, ജനപ്രതിനിധികൾ , റിസോർട്ട് ഉടമകൾ എന്നിവരുടെ  സാന്നിദ്ധ്യത്തിലായിരുന്നു യോഗം. മൂന്നാറിൽ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വിദേശ ബുക്കിംഗ്  നിർത്തിവയ്ക്കാനും ഹോം സ്റ്റേകൾ പരിശോധിച്ച് പട്ടിക തയാറാക്കി നിലവിലുള്ള സഞ്ചാരികളുടെ  ആരോഗ്യ സ്ഥിതി പരിശോധിക്കാനും യോഗത്തിൽ തീരുമാനിച്ചു. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തി വെയ്ക്കാൻ യോജിച്ച പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. നിർദ്ദേശം ലംഘിക്കുന്ന റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കുമെതിരേ നടപടി സ്വീകരിക്കും

ജില്ലാ കളക്ടർ എച്ച് ദിനേശൻ നടപടികളും തീരുമാനങ്ങളും വിശദീകരിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, സബ് കളക്ടർ  പ്രേം കൃഷ്ണൻ, ഡിഎംഒ ഡോ. എൻ. പ്രിയ, ജില്ലാ പൊലീസ് മേധാവി പി.കെ മധു , മുന്നാർ ഡിവൈഎസ്പി എം രമേഷ് കുമാർ ,ദേവികുളം  തഹസിൽദാർ .ജി ജി കുന്നപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം