കോളനികളിലെ ജനനമരണ രജിസ്ട്രേഷന്‍ സുഗമമാക്കാന്‍ അദാലത്ത് നടത്താന്‍ നിര്‍ദ്ദേശം

കോഴിക്കോട് മാർച്ച് 4: പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലുള്ളവരുടെ ജനനമരണ രജിസ്ട്രേഷന്‍ സുഗമമാക്കാന്‍ അദാലത്ത് നടത്താന്‍ ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു.  ജില്ലയിലെ ജനനമരണ രജിസ്ട്രേഷന്‍ കാര്യക്ഷമമാക്കുന്നതിനും രജിസ്ട്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി സബ് കലക്ടര്‍ ജി പ്രിയങ്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം.

എസ്.സി എസ്.ടി പ്രെമോട്ടര്‍മാര്‍ കോളനികളില്‍ വിവരശേഖരണം നടത്തി ജനന മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ളവര്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ആദിവാസി കോളനികളില്‍ നടക്കുന്ന ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കുട്ടികളുടെ ജനനതീയതി സംബന്ധിച്ച് മാതാപിതാക്കള്‍ നല്‍കുന്ന വിവരം ആധികാരികമായി കണക്കിലെടുത്ത് രജിസ്ട്രേഷന്‍ നടത്താം. സ്‌കൂള്‍ രേഖകളിലെ ജനനത്തീയതിയിലെ തെറ്റ് തിരുത്തുന്നില്ല എന്ന പരാതിയും യോഗം ചര്‍ച്ച ചെയ്തു. നിലവിലുള്ള സര്‍ക്കുലര്‍ അനുസരിച്ച് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് സ്‌കൂള്‍ രേഖയില്‍ ഒറ്റത്തവണ തിരുത്തല്‍ വരുത്താം. സബ് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം