റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയെച്ചൊല്ലിയാണ് സഭ പ്രക്ഷുബ്ധമായത്. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് നിര്‍ത്തിവെച്ചു. സഭ നിര്‍ത്തിവെച്ച് ഇന്ധന വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നല്‍കിയ നോട്ടീസ് അധ്യക്ഷന്‍ അനുവദിച്ചില്ല. ധനാഭ്യര്‍ത്ഥനാ ചര്‍ച്ചയ്ക്കൊപ്പം ഈ വിഷയവും ചര്‍ച്ച ചെയ്യാമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതില്‍ തൃപ്തിയാവാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെയാണ് സഭ രാവിലെ 11 മണിവരെ നിര്‍ത്തിവെക്കുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വിലകുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില വര്‍ധിക്കുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു. പെട്രോള്‍ ലിറ്ററിന് നൂറു രൂപയ്ക്കടുത്തെത്തി. ഡീസലിന് 80 രൂപയിലേറെയായി. എക്സൈസ് ഡ്യൂട്ടിയും സെസ്സും വഴി സര്‍ക്കാര്‍ 21 ലക്ഷം കോടി രൂപ സമാഹരിച്ചുകഴിഞ്ഞു. ജനങ്ങളാണ് ഇതുകൊണ്ട് ഏറെ ബുദ്ധിമുട്ടുന്നതെന്നും ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ഖാര്‍ഗെ പറഞ്ഞു. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് സമ്മേളനം. രണ്ടാംഘട്ട സമ്മേളനത്തില്‍ 2021-22 വര്‍ഷത്തേയ്ക്കുള്ള വിവിധ ഗ്രാന്റുകള്‍ പാസാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. നിരവധി ബില്ലുകളും സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *