തൃശ്ശൂർ: കേരളത്തില്‍ കാട്ടാനകളുടെ എണ്ണം കുറഞ്ഞു വരുന്നതായി വിവരാവകാശ രേഖ. 2020 ജനുവരിയിൽ അവസാനിച്ച ഒരു വര്‍ഷത്തിനിടെ 113 കാട്ടാനകളാണ് വിവിധ കാരണങ്ങളാല്‍ ചെരിഞ്ഞതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. ഇതില്‍ 50 ശതമാനം ആനകളും ചെരിഞ്ഞിരിക്കുന്നത് അപകടങ്ങളും മറ്റു കാരണങ്ങള്‍ മൂലമാണെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തെ വനാതിര്‍ത്തിയില്‍ 5703 കാട്ടാനകളുണ്ടെന്നാണ് ദേശീയ സര്‍വേ പറയുന്നത്. എന്നാല്‍ അതിനിടയില്‍ തന്നെ നിരവധി ആനകള്‍ ചെരിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ 113 കാട്ടാനകള്‍ ചെരിഞ്ഞതായാണ് വനം -വന്യജീവി വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ പറയുന്നത്.
ഇതില്‍ 50 ശതമാനവും അപകടങ്ങളും മറ്റ് കാരണങ്ങളും മൂലമാണ് ചെരിയുന്നതെന്ന കണക്കാണ് ആശങ്കപ്പെടുത്തുന്നത്. കാട്ടാനകളുടെ സര്‍വേ പ്രകാരം കൊമ്പന്‍ – പിടിയാന അനുപാതം അന്‍പത് പിടിയാനക്ക് ഒരു കൊമ്പനാന എന്നതാണ്. മനുഷ്യാധിവാസങ്ങളോടു ചേർന്ന കേരളത്തിലെ കാടുകൾ ആനകൾക്ക് സുഖകരമല്ലാത്ത ഇടങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് കേരള വന ഗവേഷണ കേന്ദ്രത്തിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ടി.വി സജീവ് സമദർശിയോട് പറഞ്ഞു.
”ആനകൾ വിസ്തൃതമായ ആവാസവ്യവസ്ഥയിൽ വിഹരിക്കുന്ന ജീവിവർഗങ്ങളാണ്, ഈ ആവാസ കേന്ദ്രങ്ങളെല്ലാം തുണ്ടുകളാക്കപ്പെട്ടു കഴിഞ്ഞു, ആനത്താരകൾ മുറിഞ്ഞു പോയി, മനുഷ്യർ കാണാതെ ജീവിക്കാൻ സാധിക്കാത്ത ഒരവസ്ഥയിലേക്ക് പശ്ചിമഘട്ടത്തിലെ ആനകൾ മാറ്റപ്പെട്ടിട്ടുണ്ട്. ആനവേട്ട കുറഞ്ഞുവെങ്കിലും പല കാരണങ്ങളാൽ അസ്വാഭാവികമായി മരണപ്പെടുന്നവയുടെ എണ്ണം വർദ്ധിക്കുകയാണ്. മനുഷ്യരിൽ നിന്ന് അകന്ന് ജീവിച്ചിരുന്ന ആനകൾ ഇന്ന് മനുഷ്യരോട് ഇടപഴകി ജീവിക്കാൻ ധൈര്യപ്പെടുന്നു എന്നത് അവയുടെ സ്വഭാവത്തിൽ തന്നെ വന്ന വലിയ മാറ്റമായി കാണേണ്ടതുണ്ട്”
ഡോ.സജീവ് പറയുന്നു.

