രാത്രി അടുക്കളയിലൂടെ നീണ്ടു വരുന്ന തുമ്പിക്കൈ . ഒറ്റയാന് മുന്നിൽ നിന്നും ഏഴു കുഞ്ഞുങ്ങളുമായി ഓടി രക്ഷപെട്ട് സുഭദ്ര. മഞ്ഞത്തോട് ആദിവാസി കോളനി ആശങ്കയിൽ

സീതത്തോട് : ഒറ്റയാൻ്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് മഞ്ഞത്തോട് ആദിവാസി ഊരിലെ സുഭദ്രയും കുടുംബവും. ഭാഗ്യം കൊണ്ടു മാത്രമാണ് താനും ഏഴുമക്കളും രക്ഷപെട്ടതെന്ന് സുഭദ്ര പറയുന്നു.

ആനയുടെ മുന്നിൽ നിന്ന് മക്കളായ സുബീഷ്(10), സുബാഷ്(8), സുബിത(7), സുജിത(6), സുബി(4), മൊഷന്യ(3), സുമി(7 മാസം) എന്നിവരുമായി ഓടി രക്ഷപ്പെട്ട കഥ പറയുമ്പോൾ സുഭദ്രക്കും കേട്ടിരിക്കുന്ന കുട്ടികൾക്കും ഭയം വിട്ടുമാറുന്നില്ല.

29-12-2020 ചൊവ്വാഴ്ച രാത്രി പത്തിന് ശേഷമായിരുന്നു കാട്ടാനയുടെ വരവ്. ഉറക്കത്തിലായിരുന്ന സുഭദ്ര അടുക്കളയിലെ സ്റ്റീൽ പാത്രങ്ങൾ ചവിട്ടി ത്തകർക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. തുടർന്ന് ശബ്ദം എന്താണെന്ന് നോക്കിയപ്പോൾ കണ്ടത്. അടുക്കളയിലേക്കു നീണ്ടു വരുന്ന തുമ്പിക്കൈയാണ്. ഭർത്താവ് ഡ്യൂട്ടിക്കു പോയിരുന്നതിനാൽ കുഞ്ഞുങ്ങളും സുഭദ്രയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സുഭദ്രയുടെ ഭർത്താവ് മോഹനൻ തീർഥാടന പാതയിൽ വനം വകുപ്പിന്റെ എലിഫന്റ് സ്ക്വാഡിലെ അംഗമാണ്.

മറ്റൊന്നും ചിന്തിക്കാതെ മക്കളെ തട്ടി വിളിച്ച് സുഭദ്ര വീടിന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. തുടർന്ന് അകലെയുള്ള ബന്ധുവിന്റെ വീട്ടിൽ എത്തി. വിവരങ്ങൾ അവിടെ നിന്നും രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. വനപാലകർ എത്തി പടക്കം പൊട്ടിച്ചാണ് ആന കാട്ടിലേക്ക് പിന്തിരിപ്പിച്ചതെന്ന് സുഭദ്ര പറയുന്നു.

സുഭദ്രയുടെ അയൽവാസികളായ വിജയൻ, അപ്പു, ഭവാനിയമ്മ എന്നിവരുടെ പുരകൾക്കും ആന കേടുപാട് വരുത്തി. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതിനാൽ ഈ മൂന്നു കുടുംബവും ആനയെ കണ്ടില്ല.
രാജാമ്പാറ സ്റ്റേഷന്റെ പരിധിയിൽ ഉൾപ്പെടുന്ന മഞ്ഞത്തോട് ആദിവാസി കോളനിയിൽ ഇതോടെ അന്തേവാസികൾ ആശങ്കയിലാണ്. പതിനെട്ടു കുടുംബങ്ങളാണ് മഞ്ഞത്തോട് ഊരിൽ ഉള്ളത്. ഊരിനു ചുറ്റും സൗരോർജ വേലിയും കൂടുതൽ വിളക്കുകളും സ്ഥാപിക്കണമെന്ന ആവശ്യം നേരത്തെ മുതൽ ഉയരുന്നതാണ്. ഇതോടെ താമസക്കാർ ആവശ്യം ശക്തമാക്കി.
കാട്ടാന എത്തിയതറിഞ്ഞ് പെരുനാട് പഞ്ചായത്ത് അംഗം പി.എസ്.മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.ഗോപി എന്നിവർ സ്ഥലം സന്ദർശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →