ന്യൂക്ക്(ഗ്രീൻലാൻ്റ്): ആഗോള താപനത്തിന്റെ ഭയാനകമായ മുഖമാണ് ഉത്തരധ്രുവത്തിൽ ദൃശ്യമാകുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ. ഉത്തരധ്രുവം ഇതര ഭൂഭാഗങ്ങളേക്കാൾ ഇരട്ടി വേഗത്തിൽ ചൂടാകുന്നു.
യുഎസ് സർക്കാർ ഏജൻസിയായ നാഷണൽ ഓഷ്യാനോഗ്രാഫിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ഉത്തരധ്രുവത്തിൻ്റെ അവസ്ഥയെക്കുറിച്ച് ചൊവ്വാഴ്ച(08/12/20) പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ 15 വർഷമായി യു എസ് ശാസ്ത്രജ്ഞർ ഇത്തരത്തിൽ റിപ്പോർട് പ്രസിദ്ധീകരിക്കുന്നുണ്ട്. മഞ്ഞ് അപ്രത്യക്ഷമാകുന്നതിൽ 2012 ലെ ഏറ്റവും മോശം സ്ഥിതിയിലേക്ക് എത്തിയിട്ടില്ല എങ്കിലും അതിനു തൊട്ടുപിന്നിൽ നിൽക്കുകയാണ് 2020 എന്ന് റിപ്പോർട് വ്യക്തമാക്കുന്നു.’
ആർട്ടിക് സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞുപാളികൾ വേനൽക്കാലത്ത് ഉരുകുകയും ശൈത്യകാലത്ത് വീണ്ടും മരവിക്കുകയും ചെയ്യാറാണ് പതിവ്.
1979 മുതൽ ഉപഗ്രഹങ്ങൾ ആർട്ടിക്കിലെ കൃത്യമായ ഫോട്ടോകൾ പകർത്തുകയും അളക്കുകയും ചെയ്യുന്നുണ്ട്. വേനലിൽ ഉരുകുന്ന മഞ്ഞിന്റെ അളവ് ക്രമാതീതമായി പെരുകി വരികയാണെന്നാണ് ഈ ഡാറ്റകൾ വ്യക്തമാക്കുന്നത്.
2010 മുതൽ പുതിയ തലമുറ ഉപഗ്രഹങ്ങൾക്ക് ഹിമത്തിന്റെ കനം അളക്കാൻ കഴിയുന്നുണ്ട്. മഞ്ഞുപാളികളുടെ കനംകുറഞ്ഞുവരികയാണെന്നും പലതും ദുർബലമാണെന്നുമാണ് ഇവയിൽ നിന്നെല്ലാം വ്യക്തമാകുന്നത്.
സൈബീരിയ ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയത്. ഇവിടുത്തെ താപനില ഇപ്രാവശ്യം സാധാരണയേക്കാൾ 3.5 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരുന്നു. ഈ പ്രദേശത്ത് വസന്തകാലത്ത് തീവ്രമായ കാട്ടുതീയും അനുഭവപ്പെട്ടു.
2019-2020 കാലയളവിൽ ആർട്ടിക്കിലെ അന്തരീക്ഷ വായുവിന്റെ താപനില 1981-2010 കാലയളവിലെ ശരാശരിയേക്കാൾ 1.9 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. 1900 ന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ചൂടേറിയ വർഷമായും 2020 മാറി.
ആർട്ടിക് സമുദ്രവും ചൂടാകുന്നുണ്ട്. 1982-2010 ലെ ശരാശരിയേക്കാൾ ഈ വർഷം ഓഗസ്റ്റിൽ സമുദ്ര ജലം 1 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂടായിരുന്നു, റിപ്പോർട് വ്യക്തമാക്കുന്നു.
ഉപരിതലത്തിലെ മഞ്ഞുപാളികൾ ഉരുകുകയും സമുദ്രത്തെ തുറന്നുകാട്ടുകയും ചെയ്യുമ്പോൾ, വെള്ളം സൂര്യനിൽ നിന്നുള്ള കൂടുതൽ താപം ആഗിരണം ചെയ്യുന്നു, ഇത് സമുദ്രത്തിലെ ഐസ് ഉരുകുന്നത് വഷളാക്കുന്നു.
“ആർട്ടിക് പ്രദേശത്തെക്കുറിച്ച് മനസിലാക്കേണ്ട പ്രധാന കാര്യം ഇത് ഒരു സംവിധാനമാണ്. ഇത് പരസ്പരബന്ധിതമായ ഘടകങ്ങളുടെ ഒരു സംവിധാനമാണ്,” ഡാർട്ട്മ ഔത്ത് സർവകലാശാലയിലെ എഞ്ചിനീയറിംഗ് പ്രൊഫസറും എൻഒഎഎ റിപ്പോർട്ടിൽ സീ ഐസ് ചാപ്റ്ററിന്റെ സഹ രചയിതാവുമായ ഡൊണാൾഡ് പെറോവിച്ച് പറഞ്ഞു.

