ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങളുമായി സമവായമില്ലെന്ന് നിര്‍മ്മലാ സീതാ രാമന്‍

ന്യൂഡല്‍ഹി : ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തമ്മില്‍ സമവായമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. തിങ്കളാഴ്ച നടന്ന ജിഎസ്ടി കൗണ്‍സിലിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. നഷ്ട പരിഹാരം സംബന്ധിച്ച് ധാരണയാകാതെ അവസാനിക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ യോഗമായിരുന്നു ഇത്.

സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് വായ്പയെടുക്കണമെന്നുളള കേന്ദ്ര നിര്‍ദ്ദേശത്തെ 12 സംസ്ഥാനങ്ങള്‍ അംഗീകരിച്ചു. ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരായ കേന്ദ്രമാണ് വായ്പ്പയെടുക്കേണ്ടത് എന്ന നിലപാടില്‍ 9 സംസ്ഥാനങ്ങള്‍ ഉറച്ചുനിന്നു. ഇതുവരെ 21 സംസ്ഥാനങ്ങള്‍ വായ്പ്പയെടുക്കാന്‍ സമ്മതിച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനത്തോട് വിസമ്മതിച്ച 9 സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ മന്ത്രി സമയം ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങള്‍ക്കുളള ആകെ നഷ്ടപരിഹാരം 97,000 കോടിയാണ്. കോവിഡുമായി ബന്ധപ്പെട്ടുളള സാമ്പത്തീക ആശ്വാസം ഉള്‍പ്പടെ ഇത് 2.35 ലക്ഷം കോടിയാണ് . കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ ജിഎസ്.ടി നഷ്ടപരിഹാരം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുളള കടുത്ത അഭിപ്രയ വ്യത്യാസത്തിന് വഴിതെളിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന പഞ്ചാബ് , ബംഗാള്‍, കേരളം എന്നിവയുള്‍പ്പടെ നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനത്തില്‍ അതൃപ്തരാണ്. ഈ വര്‍ഷം 20,000 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →