പൂനെ | മേയ് 28
മഹാരാഷ്ട്രയിലെ പൂനെയിൽ വിഷമദ്യം കുടിച്ചതിനെ തുടർന്ന് പതിനെട്ട് പേർ മരിക്കുകയും നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയും ചെയ്യുന്ന ദുരന്തമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡി, പൂനെയിലെ ഹഡപ്സർ മേഖലകളിലാണ് മരണങ്ങൾ ഉണ്ടായത്. ഫുഗേവാഡിയിൽ മാത്രം 13 പേർക്ക് ജീവൻ നഷ്ടമായി.
മെഥനോൾ കലർന്ന വ്യാജമദ്യമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നും ചിലർക്ക് കാഴ്ചശക്തി നഷ്ടമായതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വ്യാജമദ്യം വിതരണം ചെയ്ത മുഖ്യപ്രതി യോഗേഷ് വാംഖഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടാതെ ഏഴുപേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാജമദ്യം നിർമ്മാണത്തിലും വിതരണ ശൃംഖലയിലും കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
പൂനെയിലെ വിവിധ ഭാഗങ്ങളിൽ കുറഞ്ഞ വിലയ്ക്ക് അനധികൃതമായി മദ്യം വിൽപ്പന നടത്തിയിരുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. മെഥനോൾ പോലുള്ള അപകടകാരിയായ രാസവസ്തുക്കൾ കലർത്തിയ മദ്യം കഴിച്ചാൽ കാഴ്ച നഷ്ടപ്പെടാനും ശരീരാവയവങ്ങൾ പ്രവർത്തനരഹിതമാകാനും മരണത്തിനും വരെ കാരണമാകാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദുരന്തത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റകൃത്യത്തിൽ പങ്കുള്ള ആരെയും രക്ഷിക്കരുതെന്നും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
.