വൈക്കം | മേയ് 29
മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. വൈക്കം ആറാട്ടുകുളങ്ങര ഇടത്തിൽ അനിരുദ്ധന്റെ ഭാര്യ രമണിയാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്. വീട്ടുവളപ്പിലെ മാവിൽ നിന്ന് അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുമ്പോഴാണ് ദുരന്തമുണ്ടായത്.
മാങ്ങ പറിക്കുന്നതിനിടെ തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഇതോടെ രമണിക്ക് ശക്തമായ വൈദ്യുതാഘാതമേറ്റു. നിലവിളി കേട്ട് സമീപത്ത് അയൽവാസിയുമായി സംസാരിച്ചുകൊണ്ടിരുന്ന ഭർത്താവ് അനിരുദ്ധൻ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചു.
എന്നാൽ കാഴ്ചപരിമിതിയുള്ള അനിരുദ്ധനും വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു. പിന്നാലെ ഓടിയെത്തിയ സമീപവാസിയാണ് രമണിയെ തോട്ടിയിൽ നിന്ന് വേർപെടുത്തിയത്.
ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വീട്ടുവളപ്പുകളിലെ വൈദ്യുതി ലൈനുകൾക്കരികിൽ അലുമിനിയം പോലുള്ള ലോഹ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകാമെന്ന മുന്നറിയിപ്പായും സംഭവം മാറുകയാണ്.