.
ചേർത്തല (ആലപ്പുഴ): കിടപ്പുരോഗിയായ അമ്മയെ സംരക്ഷിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത-ശിശുക്ഷേമ വകുപ്പിലെ ജീവനക്കാരെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായ മകൻ അറസ്റ്റിൽ. പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാർഡിൽ വാടകയ്ക്കു താമസിക്കുന്ന ഇന്ദിരാഭവനിൽ പ്രസന്നകുമാർ (പ്രസാദ്-52) ആണ് അറസ്റ്റിലായത്. പട്ടണക്കാട് ഹൈസ്കൂൾ ബ്രാഞ്ച് സെക്രട്ടറിയായ പ്രസന്നകുമാർ ആക്രമണശേഷം ഒളിവിൽപ്പോയിരുന്നു. മെയ് 24 ഞായറാഴ്ച പുലർച്ചെ പട്ടണക്കാട് സ്റ്റേഷൻ ഓഫീസർ പി.എസ്. ജയന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
മൂത്തമകൾ അമ്പിളി നൽകിയ പരാതിയിലാണ് അന്വേഷണം
.മെയ് 23 ശനിയാഴ്ച രാവിലെയാണ് ജില്ലാ വനിതാസംരക്ഷണ ഓഫീസർ മായ എസ്. പണിക്കർ, കൗൺസിലർ അഞ്ജന, ഡ്രൈവർ ലോറൻസ് എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റത്. അമ്മ സതിയെ, ഒപ്പമുള്ള മകൻ പ്രസന്നകുമാർ സംരക്ഷിക്കുന്നില്ലെന്നു കാട്ടി മൂത്തമകൾ അമ്പിളി നൽകിയ പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം.
സംഭവത്തിൽ അടിയന്തരനടപടിക്ക് മന്ത്രി ബിന്ദു കൃഷ്ണ പോലീസ് മേധാവിക്കു നിർദേശം നൽകി
മർദനമേറ്റ മൂവരും പരാതി നൽകിയശേഷം തുറവൂർ ആശുപത്രിയിൽ ചികിത്സ തേടി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വനിതാജീവനക്കാരെ കൊല്ലാൻ ശ്രമിച്ചെന്ന കുറ്റത്തിനുമാണ് പ്രസന്നകുമാറിനെതിരേ കേസെടുത്തത്. സംഭവത്തിൽ അടിയന്തരനടപടിക്ക് മന്ത്രി ബിന്ദു കൃഷ്ണ പോലീസ് മേധാവിക്കു നിർദേശം നൽകിയിരുന്നു.അറസ്റ്റിലായ പ്രസന്നകുമാറിനെ ചേർത്തല ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡുചെയ്തു.
അറസ്റ്റു ചെയ്യാനെത്തിയപ്പോൾ ഭീഷണി
ഉദ്യോഗസ്ഥർക്ക് മർദനമേറ്റതിനു പിന്നാലെ പോലീസ് പ്രസന്നകുമാറിന്റെ വീട്ടിലെത്തിയിരുന്നു. ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ അമ്മയെ കട്ടിലിൽ നിന്നെടുത്ത് ഭീഷണിമുഴക്കിയതോടെ പോലീസ് മടങ്ങി. ഇതിനുശേഷം ഇയാൾ വീട്ടിൽനിന്നു മുങ്ങി. പ്രതിയെ അഞ്ചു മണിക്കൂറിനുള്ളിൽ പിടിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി താക്കീതുചെയ്തിരുന്നു.
നാടു വിടാനായിരുന്നു ശ്രമം
മരുത്തോർവട്ടത്തുള്ള പെൺസുഹൃത്തിനെ വിളിച്ചെന്ന വിവരമാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. ഈ സുഹൃത്തിന്റെ വീട്ടിൽനിന്ന് വാടകയ്ക്കെടുത്ത കാറിൽ ഡ്രൈവറുടെ സഹായത്തോടെ നാടു വിടാനായിരുന്നു ശ്രമം. ഇതു മനസ്സിലാക്കിയ പോലീസ് റോഡുകളിൽ പരിശോധന ശക്തമാക്കി.കായംകുളം കൃഷ്ണപുരത്തെ പരിശോധനയിലാണ് കാർ തടഞ്ഞ് പ്രതിയെ പിടിച്ചത്. ഒളിവിൽ കഴിയാൻ കൊല്ലത്തെ ഒരു ആശ്രമത്തിലേക്കു കാറിൽ പോകുകയായിരുന്നെന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്.
പട്ടണക്കാട് എസ്.എച്ച്.ഒ. കെ.എസ്. ജയൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, ആനന്ദ് ഭാസ്കർ, ഗിരീഷ്, അരുൺ, മണിപ്രസാദ്, മനു എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്