ഹൈലൈറ്റുകൾ
- ഹോർമുസ് കടലിടുക്കിൽ ദക്ഷിണകൊറിയൻ ചരക്കുകപ്പലിന് നേരെ വ്യോമാക്രമണം ഉണ്ടായി.
- ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചെങ്കിലും ഇറാൻ അത് നിഷേധിച്ചു.
- ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയെ കുറിച്ചുള്ള യു.എൻ പ്രമേയം ഇറാൻ തള്ളിക്കളഞ്ഞത് സംഘർഷം വർധിപ്പിച്ചു.
- ഇറാന്റെ പരമോന്നത നേതാവ് മുജ്താബ ഖമനയ് സൈനിക നീക്കങ്ങൾ തുടരാൻ നിർദേശം നൽകി.
- തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള പ്രവർത്തകരും സിറിയൻ പൗരന്മാരും കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരേയുണ്ടായ ആക്രമണത്തെതുടർന്ന് യുഎസ്, ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുന്നു. ഹോർമുസിൽ പനാമ പതാകയേന്തിയ എച്ച്എംഎം നാമു എന്ന ദക്ഷിണകൊറിയൻ ചരക്കുകപ്പലിനു നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തെതുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ വൻ തീപിടുത്തമുണ്ടായി. ഇറാനാണ് ആക്രമണത്തിനു പിന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. ആരോപണം ഇറാൻ നിഷേധിച്ചു.
യുഎൻ സുരക്ഷാസമിതിയിൽ അമേരിക്ക അവതരിപ്പിച്ച പ്രമേയം ഇറാൻ തള്ളിയത് സംഘർഷത്തിന്റെ തീവ്രവത വർധിപ്പിച്ചു
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാസമിതിയിൽ അമേരിക്കയും ഗൾഫ് രാജ്യങ്ങളും അവതരിപ്പിച്ച പ്രമേയം ഇറാൻ തള്ളിയതും സംഘർഷത്തിന്റെ തീവ്രവത വർധിപ്പിച്ചു. രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്നും ഉപരോധങ്ങൾ നീക്കാതെ പരിഹാരം സാധ്യമല്ലെന്നുമാണ് ഇറാന്റെ നിലപാട്. അതിനിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്താബ ഖമനയ് സൈനിക മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ശത്രുക്കൾക്കെതിരേ സൈനികനീക്കങ്ങൾ തുടരാൻ നിർദേശം നൽകി.
തെക്കൻ ലെബനനിൽ ഇസ്രയേൽ സൈനിക നടപടികൾ ശക്തമാക്കി
അതിനിടെ, ഇറാനിൽ നിന്ന് വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ തങ്ങൾ വെടിവച്ചിട്ടതായി യുഎഇ സൈനിക വൃത്തങ്ങൾ അറിയിച്ചു.കുവൈറ്റ് വ്യോമാതിർത്തിയിലും സമാനമായ രീതിയിൽ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഹിസ്ബുള്ള പ്രവർത്തകരും രണ്ട് സിറിയൻ പൗരൻമാരും കൊല്ലപ്പെട്ടു. മേഖലയിൽ ഇസ്രയേൽ സൈനിക നടപടികൾ ശക്തമാക്കിയിരിക്കുകയാണ്.
.


