പ്രധാന വിവരങ്ങൾ
- ഇന്ന് കേരളത്തിൽ കിട്ടുന്ന ബില്ലിൽ ആയിരിക്കുകയില്ല. അതിനേക്കാൾ മൂന്നോ നാലോ അഞ്ചോ
- മടങ്ങ് കൂടിയ ബില്ലിൽ ആയിരിക്കും അവരെ ചികിത്സിക്കുക. ക്രമേണ ആ ബില്ലിലേക്ക്
- ആ നിരക്കിലേക്ക് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ബില്ലിംഗ് ഉയരാൻ പോവുകയാണ്.
- ഇവർ കാലെടുത്തു വച്ചതിന് തൊട്ടുപിന്നാലെ സർക്കാർ ആരോഗ്യരംഗത്ത് കുഴപ്പങ്ങളുടെ പെരുമഴ പെയ്തുകൊണ്ടിരിക്കുകയാണ്. സത്യത്തിൽ ഇതിൽ പലതും പെരുപ്പിച്ചു കാട്ടുന്ന കുഴപ്പങ്ങളാണ്
വഴി പിഴച്ചു പോയ അമേരിക്കൻ ആരോഗ്യരംഗം കേരളത്തിൽ പ്രവേശിക്കുമ്പോൾ
അമേരിക്കൻ കമ്പനികൾ ആശുപത്രികൾ മുഴുവനായി വാങ്ങിയും ഷെയർ വാങ്ങിയും കേരളത്തിൽ മുപ്പതിനായിരം കോടിയിലധികം രൂപ ഇതിനോടകം നിക്ഷേപിച്ചു കഴിഞ്ഞു എന്നാണ് കണക്ക്. അമേരിക്ക വിരുദ്ധ -സാമ്രാജ്യത്തെ വിരുദ്ധ സമരങ്ങളുടെ ലോകതലസ്ഥാനം ആണ് കേരളം. ആരും ഇതൊന്നും അറിഞ്ഞ മട്ട് കാണാനില്ല. എന്നുമാത്രമല്ല ചുവപ്പ്പരവതാനി എല്ലായിടത്തും അമേരിക്കൻ കോർപ്പറേറ്റുകൾക്ക് വിരിച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞദിവസം ഒരു അമേരിക്കൻ വനിത സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച അഭിപ്രായം ഇന്ത്യൻ മാധ്യമലോകം ഗൗരവമായി ചർച്ച ചെയ്യുകയാണ്. അമേരിക്കയിലെ മരുന്നു ചിലവിന്റെ പത്തിൽ ഒന്നിൽ ഇന്ത്യയിൽ അതേ മരുന്ന് കിട്ടും എന്നാണ് ആ വനിത പറഞ്ഞിരിക്കുന്നത്. അമേരിക്കയിൽ കാശില്ലാത്തവൻ ചികിത്സ കിട്ടാതെ ചാവുകയുള്ളൂ എന്നതാണ് സ്ഥിതി. മരുന്ന്, പരിശോധന, ചികിത്സ ഇതിനെല്ലാം ഇന്ത്യയുമായും അതിൽ തന്നെ ചികിത്സാരംഗത്ത് മുമ്പിൽ നിൽക്കുന്ന കേരളവുമായി യാതൊരുവിധത്തിലും താരതമ്യം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് അമേരിക്കയിൽ.
അമേരിക്കയുടെ ആരോഗ്യരംഗം ഇങ്ങനെ ആക്കി തീർത്തത് ഇൻഷുറൻസ് കമ്പനികളും മരുന്ന് ഉൽപാദക ഭീമന്മാരും ചികിത്സാ ഉപകരണങ്ങൾ ഉണ്ടാക്കുന്നവരും ഒക്കെ ചേർന്ന് ആ രാജ്യത്തെ ജനങ്ങളെ പിഴിയാൻ തീരുമാനിച്ചപ്പോൾ ആണ്. അവരുടെ മൊത്തം ജിഡിപിയുടെ 30 ശതമാനത്തിലേറെ ആശുപത്രിക്കാർ തന്നെ കൊണ്ടുപോവുകയാണ്. എന്നിട്ടും ചികിത്സ കിട്ടാതെ കിടക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. സാധാരണ അമേരിക്കൻ പൗരന് അമേരിക്കയിൽ ചികിത്സിക്കാൻ കഴിയുകയില്ല എന്നായി കഴിഞ്ഞിരിക്കുന്നു.
എന്നാൽ ഇന്ത്യയിലെ ചികിത്സാരംഗം വളരെ പുരോഗതി കൈവരിച്ചിട്ടുണ്ട്. സമർത്ഥരായ ഡോക്ടർമാരും നേഴ്സുമാരും ഉപകരണങ്ങളും എല്ലാം ചേർന്ന് ലോകനിലവാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ അതിലും പ്രധാനപ്പെട്ട കാര്യം ഇന്ത്യയിൽ ചികിത്സയുടെ ചിലവ് യൂറോപ്പ് – അമേരിക്ക എന്നിവിടങ്ങളുമായി താരതമ്യപ്പെടുത്തിയാൽ കുറവാണ് . ഗുണമേന്മയുള്ള ചെലവ് കുറഞ്ഞ ചികിത്സ ഇന്ത്യയുടെ ശക്തിയാണ്. അങ്ങനെ ഒരു ആരോഗ്യരംഗം ഇന്ത്യക്കുണ്ടായേ പറ്റൂ. കാരണം ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. സാധാരണക്കാരും പാവപ്പെട്ടവരും ധാരാളമായി ഉണ്ട്. അവർക്ക് താങ്ങാൻ കഴിയുന്ന ചികിത്സ സംവിധാനമാണ് ഇന്ത്യയിൽ വേണ്ടത്.
എന്നാൽ ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക് അമേരിക്കൻ കോർപ്പറേറ്റുകൾ കാലെടുത്തു വച്ചിരിക്കുകയാണ്. സാധാരണക്കാരന് ചികിത്സ സ്വപ്നം കണ്ടാൽ പോലും നികുതി കൊടുക്കേണ്ട ഗതികേട് സൃഷ്ടിച്ചുവെച്ച മഹാന്മാരാണ് താരതമ്യേന സാധാരണക്കാർക്ക് താങ്ങാവുന്ന ചികിത്സ സ്വകാര്യ മേഖലയിൽ പോലും ഉള്ള കേരളത്തിൽ കാലെടുത്തു വച്ചിരിക്കുന്നത്. അമേരിക്കയിലെ ബില്ല് താങ്ങാൻ പറ്റാത്തവരെ ഇവിടെ കൊണ്ടുവന്ന് ചികിത്സിക്കുവാനാണ് പദ്ധതി. പക്ഷേ ആ ചികിത്സ ഇന്ന് കേരളത്തിൽ കിട്ടുന്ന ബില്ലിൽ ആയിരിക്കുകയില്ല. അതിനേക്കാൾ മൂന്നോ നാലോ അഞ്ചോ മടങ്ങ് കൂടിയ ബില്ലിൽ ആയിരിക്കും അവരെ ചികിത്സിക്കുക. ക്രമേണ ആ ബില്ലിലേക്ക് ആ നിരക്കിലേക്ക് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ബില്ലിംഗ് ഉയരാൻ പോവുകയാണ്.
അതായത് അമേരിക്കയുടെ ആരോഗ്യ രംഗത്തെ കുളമാക്കിയ ലോബികൾ കേരളത്തിന്റെയും ഇന്ത്യയുടെയും ആരോഗ്യരംഗത്ത് പിടിമുറുക്കുകയും ഈ നാട്ടുകാർക്ക് ഇന്ന് കിട്ടിക്കൊണ്ടിരുന്ന ആരോഗ്യപരിപാലനം ആ ബില്ലിൽ കിട്ടുകയില്ലാത്ത സാഹചര്യം സൃഷ്ടിക്കുവാൻ പോവുകയാണ്.
ഇവർ കാലെടുത്തു വച്ചതിന് തൊട്ടുപിന്നാലെ സർക്കാർ ആരോഗ്യരംഗത്ത് കുഴപ്പങ്ങളുടെ പെരുമഴ പെയ്തുകൊണ്ടിരിക്കുകയാണ്. സത്യത്തിൽ ഇതിൽ പലതും പെരുപ്പിച്ചു കാട്ടുന്ന കുഴപ്പങ്ങളാണ്. അത് നിർദോഷമെന്ന് കരുതാനാവില്ല. പൊതു ആരോഗ്യരംഗത്തെ ഒരു വശത്ത് തകർക്കുകയും മറുവശത്ത് സ്വകാര്യ മേഖലയിലെ ചികിത്സാനിരക്ക് ഉയർത്തുകയും ആണ് അമേരിക്കൻ കോർപ്പറേറ്റുകളുടെ ലക്ഷ്യം. ഫലത്തിൽ നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ ചികിത്സാ സൗകര്യങ്ങളിൽ മണ്ണുവാരി ഇടുന്നതായി കലാശിക്കും.

