കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതിയെക്കുറിച്ച് കേരളത്തിലെ ബിജെപിയുടെ നിലപാട് എന്തെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് . കെ. മാണി.പ്രധാനമായും ക്രൈസ്തവ സ്ഥാപനങ്ങളെ ഉന്നം വച്ചാണ് ഈ നിയമഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മിഷനറിമാര്‍ വിദേശത്ത് ജോലി ചെയ്ത് നാട്ടിലെത്തിക്കുന്ന പണം ഉപയോഗിച്ചാണ് ഇന്ത്യയില്‍ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും നിരവധി സ്ഥാപനങ്ങള്‍ ഉയര്‍ന്നത്. ഇത്തരം സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുവാന്‍ സര്‍ക്കാരിന് മാത്രമായി പണം വിനിയോഗിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത്.സര്‍ക്കാരിന്റെ സഹായമില്ലാതെയാണ് മിഷനറിമാര്‍ ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിച്ചത്. ഈ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നല്‍കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നത് സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കാണ്.
കോര്‍പറേറ്റുകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നു
കോര്‍പറേറ്റുകള്‍ വിദ്യാഭ്യാസമേഖലയിലേക്കും ആരോഗ്യ മേഖലയിലേക്കും വലിയ മുതല്‍മുടക്കുമായി കടന്നുവരികയാണ്.ഇതിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്നുമുണ്ട്.ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കി എങ്കില്‍ മാത്രമേ ഈ മേഖലകള്‍ സമ്പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് ലഭ്യമാകുകയുള്ളൂ. ക്രൈസ്തവ മിഷണറിമാരാണ് ഇതില്‍ ഭൂരിഭാഗം സ്ഥാപനങ്ങളും നടത്തിക്കൊണ്ടുപോകുന്നത്. മതന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാകെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്.ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി.
കേരളത്തില്‍ ക്രൈസ്തവ വോട്ടുകള്‍ക്ക് പാടുപെട്ട് പരിശ്രമിക്കുന്ന ബിജെപിക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ വിശ്വാസിമൂഹത്തിനു താത്പര്യമുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
