കൊച്ചി: സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന കേരള നിയമ പരിഷ്കരണ കമ്മീഷന് ശിപാര്‍ശയില്‍ സംസ്ഥാനസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നു ഹൈക്കോടതി. സ്ത്രീധനം നല്‍കുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ ഒഴിവാക്കിയതടക്കം ശിപാര്‍ശകളില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനാണു ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
സ്ത്രീധന നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജി
സ്ത്രീധനം നല്‍കുന്നതും കുറ്റമായി കണക്കാക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശി ടെല്‍മി ജോളി നല്കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. സ്ത്രീധനം നല്കുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട് വധുവിന്റെ വീട്ടുകാര്‍ക്ക് പരാതി ഉന്നയിക്കാന്‍ പോലും കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
