ചെന്നൈ: തമിഴ്നാട്ടിൽ കസ്റ്റഡി മർദനത്തെ തുടർന്ന് പിതാവും മകനും കൊല്ലപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട ഒമ്പത് പോലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി. ശിക്ഷ മാർച്ച് 30ന് കോടതി വിധിക്കും.വ്യാപാരിയായ പി. ജയരാജിന്റെയും മകൻ ജെ. ബെനിക്സിന്റെയും മരണത്തിലാണ് പോലീസുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
സംഭവസ്ഥലത്തുണ്ടായിരുന്ന വനിതാ ഹെഡ് കോൺസ്റ്റബിളിന്റെ മൊഴിയാണ് പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചത്.
ഇൻസ്പെക്ടർ എസ്. ശ്രീധർ, സബ് ഇൻസ്പെക്ടർമാരായ പി. രഘു ഗണേഷ്, കെ. ബാലകൃഷ്ണൻ, ഹെഡ് കോൺസ്റ്റബിൾമാരായ എസ്. മുരുകൻ, എ. സാമിദുരൈ, കോൺസ്റ്റബിൾമാരായ എം. മുത്തുരാജ്, എസ്. ചെല്ലദുരൈ, എക്സ്. തോമസ് ഫ്രാൻസിസ്, എസ്. വെയിലുമുത്തു എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ പ്രതിയായ കോൺസ്റ്റബിൾ പാൽ ദുരൈ വിചാരണക്കിടെ മരിച്ചിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന വനിതാ ഹെഡ് കോൺസ്റ്റബിളിന്റെ മൊഴിയാണ് പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചത്.
കൊറോണ കാലഘട്ടത്തിൽ അനുവദനീയമായ സമയത്തിനപ്പുറം കട തുറന്നുവെന്നതായിരുന്നു കുറ്റം
2020 ജൂൺ 19 നാണ് സംഭവം. കൊറോണ വൈറസിനെ തുടർന്ന് ലോക്ക്ഡൗൺ നടപ്പിലാക്കിയപ്പോൾ അനുവദനീയമായ സമയത്തിനപ്പുറം കട തുറന്നുവെന്ന് ആരോപിച്ചാണ് മൊബൈൽ ഷോപ്പ് ഉടമയായ ജയരാജിനെയും ബെനിക്സിനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് ക്രൂരമായ കസ്റ്റഡി മർദനത്തിന് ഇരയാക്കി.തൂത്തുക്കുടി ജില്ലയിലെ സത്തൻകുളം പോലീസ് സ്റ്റേഷനിൽ വച്ച് രാത്രി തുടങ്ങി പുലർച്ചെ വരെ ഇവരെ ക്രൂരമായി മർദിച്ചു. തുടർന്ന്, പ്രാദേശിക മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കോവിൽപട്ടി സബ് ജയിലിലേക്കാണ് ഇവരെ മാറ്റിയത്. എന്നാൽ, ശ്വാസതടസത്തെ തുടർന്ന് ജൂൺ 22, 23 തീയതികളിലായി ഇവർ ആശുപത്രിയിൽ വച്ച് മരിച്ചു.
എല്ലാ കസ്റ്റഡി കൊലപാതകങ്ങൾക്കുമെതിരായ മുന്നറിയിപ്പായി ഈ വിധി നിലനിൽക്കണം
വിധിയെ കുടുംബം സ്വാഗതം ചെയ്യുന്നുവെന്നും നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും ജയരാജിന്റെ മൂത്ത മകൾ പെഴ്സി പറഞ്ഞു. ഇതുവരെ നടന്ന എല്ലാ കസ്റ്റഡി കൊലപാതകങ്ങൾക്കുമെതിരായ മുന്നറിയിപ്പായി ഈ വിധി നിലനിൽക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
