ഗാര്‍ഹിക എല്‍ പി ജിയുടെ അളവ് കുറയ്ക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

ഡല്‍ഹി | രാജ്യത്ത് ഗാര്‍ഹിക എല്‍ പി ജിയുടെ അളവ് കുറക്കുന്നത് പരിഗണനയിലുണ്ടെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും ഇത്തരം അഭ്യൂഹങ്ങള്‍ ആരും വിശ്വസിക്കരുതെന്നും പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ വ്യക്തമാക്കി. പാചകവാതക വിതരണം പ്രതിബന്ധമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിലും അനധികൃത വില്‍പന തടയുന്നതിലുമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നും പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെ കുറിച്ചുള്ള.ആഭ്യന്തര മന്ത്രിതല വിശദീകരണം നടത്തവേ സുജാത ശര്‍മ പറഞ്ഞു.

14.2 കിലോഗ്രാം സിലിന്‍ഡറില്‍10 കിലോ എല്‍ പി ജി മാത്രം നിറച്ചായിരിക്കും വിതരണം എന്നായിരുന്നു വാര്‍ത്ത.

പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പല്‍ ഗതാഗതം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗാര്‍ഹിക എല്‍ പി ജിയുടെ അളവ് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നായിരുന്നു വാര്‍ത്ത. കഴിഞ്ഞ ഒരാഴ്ചക്കിടെ വളരെ കുറഞ്ഞ അളവിലാണ് എല്‍ പി ജി രാജ്യത്തെത്തിയത്. പുതിയ ചരക്ക് കപ്പലുകളൊന്നും ഇന്ത്യന്‍ തീരത്തേക്ക് വരാത്തത് ആശങ്കയുളവാക്കിയതിനിടെയാണ് ഗാര്‍ഹിക സിലിന്‍ഡറുകളുടെ അളവ് കുറക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. 14.2 കിലോഗ്രാം സിലിന്‍ഡറില്‍ 10 കിലോ എല്‍ പി ജി മാത്രം നിറച്ചായിരിക്കും രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ വിതരണം ചെയ്യുക എന്നായിരുന്നു വാര്‍ത്ത. ഇതാണ് കേന്ദ്രം തള്ളിയിരിക്കുന്നത്.

വിതരണം സാധാരണ നിലയിൽ

കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഏകദേശം 3.5 ലക്ഷം ഗാര്‍ഹിക, വാണിജ്യ പൈപ്ഡ് നാച്ചുറല്‍ ഗ്യാസ് (പി എന്‍ ജി) കണക്ഷനുകള്‍ സര്‍ക്കാര്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്നും സുജാത ശര്‍മ പറഞ്ഞു. എല്‍ പി ജി വിതരണത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, വിതരണത്തില്‍ കുറവൊന്നുമുണ്ടായിട്ടില്ല. ആശങ്ക കാരണം തിടുക്കപ്പെട്ടുള്ള ഗ്യാസ് ബുക്കിംഗ് കുറഞ്ഞതായും വിതരണം സാധാരണ നിലയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →