തിരുവനന്തപുരം: എറണാകുളം – ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.അപരമത വിദ്വേഷവും വർഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്റെയിൽവേയെ പോലും തങ്ങളുടെ വർഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുന്നു.
ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ റെയിൽവേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ കണ്ടത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് മുഴുവൻ ജനങ്ങളുടേയും പ്രതിഷേധമുയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
.
