കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് കോവൂർ സ്വദേശിയായ യുവാവ് ഒളിവിൽ. ഫെബ്രുവരി 28 വെള്ളിയാഴ്ച ചേവായൂർ പോലീസ് ഗൂഡല്ലൂരിൽ തിരച്ചിൽ നടത്തിയിരുന്നു. ഇയാൾ ഒരു പച്ചക്കാറിൽ നഗരത്തിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു അത്. അതിന് രണ്ടുദിവസംമുൻപ് വയനാട്ടിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.യുവാവിന്റെ മൊബൈൽഫോൺ സ്വിച്ച് ഓഫാണ്.
എന്തിനാണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്
തൃശ്ശൂർ പാവറട്ടി കൈതക്കൽ വീട്ടിൽ മൗസ മെഹ്രിസിനെ(21)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.മൗസയുടെ ഫോൺ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മൗസയുടെ ബന്ധുക്കൾ യുവാവിന്റെപേരിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, യുവാവിന്റെപേരിൽ കേസെടുക്കാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്തിനാണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.
അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്
.വെള്ളിമാടുകുന്ന് ഇരിങ്ങാടൻപള്ളി റോഡിനു സമീപത്തുള്ള ജനതാറോഡിലെ റെന്റ് ഹൗസിന്റെ തൊട്ടടുത്ത മുറിയിലാണ് മൃതദേഹം കണ്ടത്. തലശ്ശേരി സ്വദേശിയായ സുഹൃത്ത് വെളളിയാഴ്ച താമസസ്ഥലത്തെത്തി മൗസയെ അന്വേഷിച്ചിരുന്നു. കിടപ്പുമുറിയുടെ ഉള്ളിൽനിന്ന് കുറ്റിയിട്ടിരുന്നു. മുറി തള്ളിത്തുറന്ന് നോക്കിയപ്പോൾ ഫാനിൽ തൂങ്ങിയനിലയിൽ മൗസയെ കണ്ടെത്തുകയായിരുന്നു. പാവറട്ടി സ്വദേശി കൈതക്കൽ വീട്ടിൽ റഷീദിന്റെ മകളാണ് മൗസ. ചേവായൂർ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്

