തിരുവനന്തപുരം: പത്തു വർഷം മുമ്പ് ആശാ വർക്കർമാരുടെ ഓണറേറിയം പതിനായിരം രൂപയായി വർധിപ്പിക്കണമെന്നു വാദിച്ച സിപിഎം നേതാവ് എളമരം കരീമിന് ഇപ്പോൾ ആശാ വർക്കർമാരുടെ സമരത്തോടു പരിഹാസം. സർക്കാർ ജീവനക്കാരല്ലാത്തതിനാൽ ആശാ വർക്കർമാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാരിനു നല്‍കാനാകില്ലെന്നാണ് എളമരം കരീം ഇപ്പോൾ പറയുന്നത്. എന്നാൽ 2014 ഡിസംബർ 8ന് എളമരം കരീം നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനില്‍ ആവശ്യപ്പെട്ടത്, അവരുടെ ഓണറേറിയം പതിനായിരം രൂപയായി ഉയർത്തണമെന്നാണ്.
ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കല്‍ ഈ ആവശ്യം ഉന്നയിച്ചു നടത്തുന്ന സമരം ശ്രദ്ധയില്‍പ്പെടുത്തിയായിരുന്നു കരീമിന്‍റെ സബ്മിഷൻ. അന്നത്തെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ അതിനു മറുപടി നല്‍കുകയും ചെയ്തിരുന്നു.
ആശാ വർക്കർമാർ സംസ്ഥാനത്ത് പ്രവർത്തിച്ചുതുടങ്ങിയത് 2007ൽ
2007ൽ ആശാ വർക്കർമാർ സംസ്ഥാനത്ത് പ്രവർത്തിച്ചുതുടങ്ങിയെങ്കിലും തുടക്കത്തിൽ സംസ്ഥാന സർക്കാർ അവർക്കു പ്രതിഫലമൊന്നും നല്‍കിയിരുന്നില്ലെന്ന് ശിവകുമാർ മറുപടിയിൽ ചൂണ്ടിക്കാട്ടി. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ അവസാന ബജറ്റില്‍ അവർക്കു 300 രൂപ നല്‍കുമെന്നു പ്രഖ്യാപിക്കുക മാത്രമാണു ചെയ്തത്. തുടർന്നു വന്ന ഉമ്മൻ ചാണ്ടി സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഈ തുക 500 രൂപയായി ഉയർത്തുകയും നല്‍കിത്തുടങ്ങുകയും ചെയ്തു. ഇത് ക്രമീകരിച്ച് 700 രൂപയാക്കിയെന്നും 2015 ജനുവരി 31നു മുൻപ് 900 രൂപയായി ഉയർത്തി വിതരണം ചെയ്യുമെന്നും ശിവകുമാർ മറുപടിയിൽ പറഞ്ഞു
