തിരുവനന്തപുരം: സംസ്ഥാനത്ത് 2025 മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര് സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ 2025 മാർച്ച് ഒന്നാം തീയ്യതി മുതൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങൾ ലഭ്യമാവുകയുള്ളൂ എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വാഹനം വാങ്ങി, മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി, വാഹന വെബ്സൈറ്റിൽ നിന്നും ആര് സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.
മാര്‍ച്ച് ഒന്ന് മുതൽ ആര് സി ബുക്കുകള്‍ ഡിജിറ്റലാകുന്നതിന് മുൻപായി, പ്രത്യേക നിർദേശങ്ങളും ഗതാഗത വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോൺ നമ്പറുകൾ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച്. നാഗരാജു പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പറുകളാണ് നല്‍കേണ്ടതെന്നും, ഓൺലൈൻ വഴി സ്വന്തം അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് നമ്പറുകൾ അപ്ഡേറ്റ് ചെയ്യാവുന്നതെന്നും അറിയിപ്പ് ലഭിച്ചു. നിലവിൽ, ലൈസന്‍സ് ഡിജിറ്റലായിട്ടാണ് നല്‍കുന്നത്; നേരത്തെ ലൈസന്‍സ് പ്രിന്റ് ചെയ്ത് തപാലിലൂടെ അയച്ചിരുന്നുവെങ്കിലും, അത് ഒഴിവാക്കിയാണ് ലൈസന്‍സ് ഡിജിറ്റലാക്കിയത്, എങ്കിലും ആര് സി ബുക്ക് പ്രിന്റ് ചെയ്ത് നൽകിയിരുന്നു.
ഇതിനാണിപ്പോള്‍ മാറ്റം വരുത്തുന്നത്; നേരത്തെ ആര് സി ബുക്ക് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു, എന്നാൽ ഡിജിറ്റലാകുന്നതോടെ വേഗത്തിൽ ലഭ്യമാകും. വാഹനങ്ങൾ കൈമാറ്റം ചെയ്തശേഷവും, ആര്‍എസ്സി ബുക്കുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ മാറ്റാത്ത സാഹചര്യത്തിൽ, വാഹന ഉടമകള്‍ ഈ മാസം തന്നെ നമ്പറുകൾ അപ്ഡേറ്റ് ചെയ്യണമെന്നുമാണ് നിര്‍ദേശം. കൂടാതെ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനോടൊപ്പം, വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അതിനാൽ, ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.



