സിന്‍സിനാറ്റി: സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് കിരീടപ്പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ കാര്‍ലോസ് അല്‍ക്കാരസിനെതിരേ പിന്നില്‍നിന്ന് തിരിച്ചടിച്ച് നൊവാക് ജോക്കോവിച്ച് വിംബിള്‍ഡനിലെ തോല്‍വിക്ക് പകരംവീട്ടി.
മൂന്നു മണിക്കൂര്‍ 50 മിനിറ്റുനീണ്ട ഐതിഹാസികമായ പോരാട്ടത്തിനൊടുവിലാണ് ജോക്കോ സിന്‍സിനാറ്റിയില്‍ കിരീടമുയര്‍ത്തിയത്. സ്‌കോര്‍: 5-7, 7-6(9-7), 7-6(7-4) മൂന്ന് സെറ്റ് മത്സരങ്ങളില്‍ ഏറ്റവും നീളം കൂടിയ മത്സരവും ഇതുതന്നെ.
ആദ്യ സെറ്റ് നഷ്ടപ്പെടുകയും രണ്ടാം സെറ്റില്‍ 2-4നു പിന്നിലാവുകയും ചെയ്തശേഷമായിരുന്നു ജോക്കോയുടെ ഉയിര്‍ത്തെഴുന്നേല്‍പ്. രണ്ടാം സെറ്റില്‍ അല്‍ക്കാരസിന്റെ മാച്ച്
പോയിന്റിനെ അതിജീവിച്ചാണ് ജോക്കോവിച്ച് സെറ്റ് പിടിച്ചെടുത്ത് മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടിയത്. 36 കാരനായ ജോക്കോവിച് ഇരുപതുകാരനായ അല്‍ക്കാരസിനു മുന്നില്‍ ഗംഭീര ഫിറ്റ്‌നസ് ആണ് കാഴ്ചവച്ചത്.
ആദ്യ സെറ്റില്‍ അല്‍ക്കാരസിന്റെ സര്‍വീസ് ബ്രേക്ക് ചെയ്താണ് ജോക്കോവിച്ച് തുടങ്ങിയതെങ്കിലും രണ്ടു തവണ ജോക്കോയുടെ സര്‍വീസ് ഗെയിമുകള്‍ ബ്രേക്ക് ചെയ്ത് അല്‍കാരസ് 7-5ന് സെറ്റ് പിടിച്ചെടുത്തു.
രണ്ടാംസെറ്റിന്റെ തുടക്കത്തില്‍ ബ്രേക്ക് കണ്ടെത്തിയ അല്‍ക്കാരസ് 4-2നു മുന്നിലെത്തിയതോടെ കളി ഏകപക്ഷീയമായി അവസാനിക്കുമെന്നു തോന്നിയെങ്കിലും അല്‍കാരസിന്റെ സര്‍വീസ് ബ്രേക്ക് ചെയ്ത് നൊവാക് മത്സരം ടൈബ്രേക്കറിലേക്കു നീട്ടി. ടൈബ്രേക്കറില്‍ മാച്ച് പോയിന്റ് രക്ഷിച്ച നൊവാക് 7-6(9-7)നു സെറ്റ് നേടി. മൂന്നാം സെറ്റില്‍ ആദ്യം ബ്രേക്ക് കണ്ടത്തിയത് നൊവാക്. എന്നാല്‍ നൊവിനെ തിരിച്ചു ബ്രേക്ക് ചെയ്ത അല്‍ക്കാരസ് തിരിച്ചുവന്നു. തുടര്‍ന്ന് ടൈബ്രേക്കറിലേക്കു നീണ്ട മത്സരം 7-6(7-4) എന്ന സ്‌കോറിന് ജോക്കോവിച്ച് ജയിച്ചു.
ജോക്കോവിച്ചിന്റെ കരിയറിലെ 95-മത്തെ കിരീടവും 39-മത്തെ മാസ്റ്റേഴ്‌സ് കിരീടവും ആണിത്.
കരിയറില്‍ ആദ്യമായാണ് മാസ്റ്റേഴ്‌സ് ഫൈനലില്‍ അല്‍ക്കാരസ് തോല്‍ക്കുന്നത്. മത്സരശേഷം കരഞ്ഞുകൊണ്ടാണ് അല്‍ക്കാരസ് കളംവിട്ടത്.



