ശ്രീനഗര്‍: ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് നടത്തിയ ദമ്പതികൾ പിടിയിൽ. ശ്രീനഗര്‍ സ്വദേശിയായ മോഹന്‍ ഗാന്‍ജൂ ഭാര്യ അയൂഷ് കൗള്‍ ഗാന്‍ജൂ എന്നിവരെയാണ് ശ്രീനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധിപ്പേരെ ഇരുവരും ചേര്‍ത്ത് കബളിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
നിരവധിപ്പേര്‍ക്ക് ജോലികളും സ്ഥലം മാറ്റവും മറ്റ് ഔദ്യോഗിക സഹായങ്ങളുമൊക്കെ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തതായി കണ്ടെത്തി. മോഹന്‍ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും ഭാര്യ ഐഎഎസ് ഉദ്യോഗസ്ഥയാണെന്നും അവകാശപ്പെട്ടാണ് ഇവർ തട്ടിപ്പ് നടത്തിയത്. വ്യാജ നിയമന ഉത്തരവുകളും സ്ഥലംമാറ്റ ഉത്തരവുകളുമെല്ലാം പൊലീസ് അന്വേഷണത്തില്‍ കണ്ടെടുത്തു. ഐപിഎസിലേക്കുള്ള സ്വന്തം നിയമന ഉത്തരവും ഇയാള്‍ ഇത്തരത്തില്‍ തയ്യാറാക്കിയിരുന്നു.
അതേസമയം സര്‍വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് മോഹനെന്ന് പൊലീസ് പറയുന്നു. വ്യാജ നിയമന ഉത്തരവുകളും സ്ഥലം മാറ്റ ഉത്തരവുകളും നിര്‍മിക്കാന്‍ ഉപയോഗിച്ച ലാപ്‍ടോപ്പുകളും മൊബൈല്‍ ഫോണുകളും ഇവയില്‍ നിര്‍മിച്ച നിരവധി വ്യാജ ഉത്തരവുകളും കണ്ടെടുത്തു. പണവും ആഭരണങ്ങളും മറ്റ് സാധനങ്ങളുമെല്ലാം ഇവരുടെ വീട്ടിലെ പരിശോധനയില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ദമ്പതികള്‍ക്കെതിരെ ഇതുവരെ മൂന്ന് പേരാണ് പരാതി നല്‍കിയത്. തട്ടിപ്പിന് ഇരയായ കൂടുതല്‍ പേര്‍ പരാതികളുമായി എത്തുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

