തിരുവനന്തപുരം: സർക്കാരിന് ഓണച്ചെലവുകൾക്കായി വേണ്ടിവരുന്നത് 8,000 കോടി രൂപയാണ്. എന്നാൽ കടമെടുപ്പ് വഴി സമാഹരിക്കാൻ പോവുന്നത് 3,000 കോടി രൂപ മാത്രം.
റിസർവ് ബാങ്ക് വഴി ഈമാസം 15ന് കടമെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ശേഷിക്കുന്ന തുക സർക്കാരിന്റെ നികുതി വരുമാനത്തിൽ നിന്നോ അല്ലെങ്കിൽ നികുതി ഇതര വരുമാനത്തിൽ നിന്നോ കണ്ടെത്താമെന്ന് പ്രതീക്ഷ ഉണ്ടെങ്കിലും അതുകൊണ്ടും തികയില്ലെന്നാണ് ധനം വകുപ്പ് പറയുന്നത്. ഇനിയും ആവശ്യമായി വരുന്ന തുക എവിടെനിന്നു സംഘടിപ്പിക്കുമെന്ന് ഇനിയും സർക്കാർ തീരുമാനിച്ചിട്ടില്ല.
ട്രഷറിയിൽ നിന്നുള്ള പണം വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതു വഴി പരമാവധി തുക മിച്ചം പിടിക്കും. എങ്കിലും ബാക്കി 5,000 കോടി കണ്ടെത്താൻ കഴിയില്ല. കർശനമായ ചെലവു ചുരുക്കൽ നടപടികളാണ് ആലോചിക്കുന്നത്. കഴിഞ്ഞ തവണ ജീവനക്കാർക്ക് ഓണത്തിന് നൽകിയ 20,000 രൂപ അഡ്വാൻസ് ഒഴിവാക്കണമെന്ന ശുപാർശയാണ് ധനവകുപ്പിനു മുന്നിലുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇന്നോ നാളെയോ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷ.
കഴിഞ്ഞ വർഷത്തെപ്പോലെ എല്ലാ ആനുകൂല്യങ്ങളും നൽകാനാണു തീരുമാനമെങ്കിൽ വരുമാനം ഉറപ്പാക്കാൻ സർക്കാർ പാടുപെടും. ഈയാഴ്ച 2 മാസത്തെ ക്ഷേമ പെൻഷനും വിതരണം ചെയ്തു തുടങ്ങണം. അതിനു മാത്രം വേണം 1700 കോടി രൂപ. സഹകരണ ബാങ്കിൽനിന്നും ബവ്റിജസ് കോർപറേഷനിൽ നിന്നും പണം സമാഹരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ, ഇവ കടമെടുപ്പു പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തുമെന്ന ആശങ്കയുണ്ട്.

