ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യ

ന്യൂഡല്‍ഹി: മൂന്നു ദിവസത്തിനിടെ ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യയില്‍ മരണം നൂറോളം. ഉത്തര്‍പ്രദേശിലും ബിഹാറിലുമാണു കൊടുംചൂടില്‍ മരണസംഖ്യ ഉയരുന്നത്. 72 മണിക്കൂറിനിടെ യു.പിയില്‍ 54 പേരും ബിഹാറില്‍ 44 പേരും മരിച്ചു. പൊള്ളിക്കുന്ന അന്തരീക്ഷതാപം താങ്ങാനാകാതെ ഒഡീഷയിലും ആളുകള്‍ മരണത്തിനു കീഴടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും കൊടുംചൂട് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.
യു.പിയില്‍ മൂന്നുദിവസങ്ങളിലായി പലയിടങ്ങളിലും നാല്‍പ്പത് ഡിഗ്രിയിലധികമാണു ചൂട്. ഉഷ്ണതരംഗത്തെത്തുടര്‍ന്നുണ്ടായ അനുബന്ധ അസുഖങ്ങളുമായി നിരവധിപേര്‍ രോഗക്കിടക്കയിലായി. ബല്ലിയ ജില്ലാ ആശുപത്രിയില്‍ മാത്രം നാനൂറിലധികം രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗികളില്‍ അധികവും അറുപതു കഴിഞ്ഞവരാണ്. കഴിഞ്ഞ 15, 16, 17 തീയതികളില്‍ 54 പേര്‍ ഇവിടെ മരിച്ചു. ഈ മാസം 15-ന് 23 പേരും തൊട്ടടുത്ത ദിവസം 20 പേരും മരിച്ചു. പനി, ശ്വാസതടസം ഉള്‍പ്പെടെയുള്ള അസുഖങ്ങളാണ് പലരെയും അലട്ടുന്നത്. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, വയറിളക്കം എന്നിവയാണു മരണത്തിലേക്കു നയിക്കുന്നതെന്ന് ബല്ലിയ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്നലെവരെ രണ്ടുപേര്‍ മാത്രമാണ് ചൂട് അനുബന്ധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം 125-135 രോഗികള്‍ എത്തുന്നതു പതിവായതോടെ ജീവനക്കാരും അടിസ്ഥാനസൗകര്യവുമില്ലാതെ ആശുപത്രിയില്‍ പ്രതിസന്ധിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
മരണസംഖ്യ ഉയര്‍ന്നതോടെ മരണകാരണം പരിശോധിക്കാന്‍ ലഖ്നൗവില്‍നിന്നുള്ള പ്രത്യേക സംഘം ജില്ലയിലെത്തുമെന്നു യു.പി. ആരോഗ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. ബല്ലിയയി-ലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച 42.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു ബല്ലിയയിലെ ചൂട്. സാധാരണനിലയിലേതിനേക്കാള്‍ 4.7 ഡിഗ്രി കൂടുതലാണിതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ബിഹാറിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്നലെ ഉച്ചവരെയുള്ള 24 മണിക്കൂറിനിടെ 44 പേരാണ് കൊടുംചൂട് താങ്ങാനാകാതെ മരിച്ചത്. ഇവരില്‍ 35 പേരും മരണത്തിനു കീഴടങ്ങിയത് തലസ്ഥാനമായ പട്നയിലാണ്. സംസ്ഥാനത്തെ 11 ജില്ലകളില്‍ 44 ഡിഗ്രിക്കു മുകളിലാണ് ചൂട്. പട്നയില്‍ 44.7 ഡിഗ്രി ചൂട് രേഖപ്പെടുത്തിയപ്പോള്‍ 45.1 ഡിഗ്രി സെല്‍ഷ്യസുമായി ഷെയ്ഖ്പുരയായിരുന്നു കൊടുംചൂടില്‍ മുന്നില്‍.
പട്നയിലടക്കം സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഈമാസം 24 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചൂട് ഉച്ചസ്ഥായിയിലായിരിക്കുമെന്നാണു മുന്നറിയിപ്പ്. ഔറംഗാബാദ്, റോത്താസ്, ഭോജ്പുര്‍, ബക്സര്‍, കയ്മുര്‍, അര്‍വാള്‍ മേഖലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
അടുത്ത അഞ്ചു ദിവസം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. ബിഹാര്‍, കിഴക്കന്‍ യു.പി, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാളിലെ ഗംഗാതീരമേഖലകള്‍ എന്നിവയ്ക്കുപുറമേ ആന്ധ്രാതീരം, യാനം, തെലങ്കാന എന്നിവിടങ്ങളിലും ഉഷ്ണതരംഗം വീശിയടിച്ചേക്കാമെന്നാണു മുന്നറിയിപ്പ്.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →