തിരുവനന്തപുരം: 2023 മെയ് മാസം ഒമ്പത് മുതല്‍ 11 വരെ അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനം വിവാദത്തില്‍. സംഘാടകര്‍ വന്‍തോതില്‍ പണം പിരിക്കുന്നുവെന്ന ആരോപണമാണ് അമേരിക്കയിലെ മേഖലാ ലോക കേരളസഭക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലിലാണ് സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സമ്മേളന നടത്തിപ്പിന് സംഘാടകസമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ സമിതി, സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ പുറത്തിറക്കിയ പാസ്സുകളാണ് വിവാദത്തിന് ഹേതുവായത്. ഗോള്‍ഡന്‍, സില്‍വര്‍, ബ്രോണ്‍സ് പാസ്സുകളാണുള്ളത്. പാസ്സുകള്‍ക്ക് യഥാക്രമം ഒരു ലക്ഷം, 50,000, 25,000 ഡോളറാണ് ഈടാക്കുന്നത്. ഇതാണ് വിമര്‍ശത്തിന് വഴിവെച്ചത്. ഒരു ലക്ഷം ഡോളര്‍ അഥവാ 82 ലക്ഷം രൂപയുടെ ഗോള്‍ഡന്‍ പാസ്സ് എടുക്കുന്നവര്‍ക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ട അതിഥികളുമായി വേദി പങ്കിടാം. അവരുടെ പേരുകള്‍ റിസപ്ഷനില്‍ ബാനര്‍ രൂപത്തില്‍ പ്രദര്‍ശിപ്പിക്കും. ആഡംബര ഹോട്ടലില്‍ പ്രത്യേക മുറി അനുവദിക്കും. കൂടാതെ ആഡംബര വാഹന സൗകര്യവും ഉണ്ടാകും. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കൊപ്പം സത്കാരത്തില്‍ പങ്കെടുക്കാനും സാധിക്കുമെന്നാണ് സംഘാടക സമിതിയുടെ വാഗ്ദാനം. സില്‍വര്‍, ബ്രോണ്‍സ് പാസ്സ് എടുക്കുന്നവര്‍ക്ക് താരതമ്യേന സൗകര്യങ്ങള്‍ കുറയും. സ്റ്റേജില്‍ ഇരിപ്പിടം, വി ഐ പികള്‍ക്കൊപ്പം ഡിന്നര്‍, ഒരു മുറി, ഹോട്ടലിലും പുറത്തും പേര് പ്രദര്‍ശനം, സുവനീറില്‍ ഒരു പേജ് പരസ്യം എന്നിവയാണ് സില്‍വര്‍ പാസ്സെടുക്കുന്നവര്‍ക്കുള്ള വാഗ്ദാനങ്ങള്‍. ബ്രോണ്‍സ് പാസ്സിന് വി ഐ പികള്‍ക്കൊപ്പം ഭക്ഷണം, സ്റ്റേജില്‍ ഇരിപ്പിടം എന്നിവയൊഴിച്ചുള്ള സൗകര്യങ്ങള്‍ ലഭിക്കും.പണപ്പിരിവിന്റെ കാര്യം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അതുമായി ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ വാദം.
