ട്രെയിന്‍ അപകടങ്ങളും ദുരന്തങ്ങളും തുടര്‍ക്കഥയാകുമ്പോഴും സുരക്ഷയൊരുക്കുന്നതില്‍ മുഖം തിരിച്ച് റെയില്‍വേ. യാത്രികരുടെ സൗകര്യം കൂട്ടുന്നതിനും സുഗമമായ സഞ്ചാരത്തിനും സാങ്കേതിക മികവോടെ അത്യാധുനിക സംവിധാനം ഒരുക്കുന്നതിന് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെന്ന് പറയുമ്പോഴും ഓരോ വര്‍ഷവും അപകടവും വര്‍ധിച്ചു വരികയാണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.
റെയില്‍വേയുടെ കണക്കനുസരിച്ച് 2022ല്‍ 35 വന്‍ അപകടങ്ങളും 165 ചെറിയ അപകടങ്ങളും സംഭവിച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ പല അപകടങ്ങള്‍ക്കും കാരണം സിഗ്‌നല്‍ സംവിധാനം തെറ്റിച്ചുള്ള ട്രെയിനിന്റെ ഓട്ടമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജോലിഭാരം കാരണമുള്ള മാനസികവും ശാരീരികവുമായ സമ്മര്‍ദമാണ് പല അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നതെന്ന് റെയില്‍വേ തന്നെ സമ്മതിക്കുന്നുണ്ട്.
ദക്ഷിണ റെയില്‍വേയിലുള്‍പ്പെടെ രാജ്യത്ത് ലോക്കോ പൈലറ്റുമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. വിവിധ റെയില്‍വേ ഡിവിഷനുകളിലായി 392 ലോക്കോ പൈലറ്റുകളുടെ കുറവാണുള്ളതെന്ന് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസ്സോസിയേഷന്‍ പറയുന്നു. ലോക്കോ പൈലറ്റുമാരുടെ പരമാവധി ജോലി സമയം 12 മണിക്കൂര്‍ എന്നതാണ് വ്യവസ്ഥ. അതേസമയം, ലോക്കോ പൈലറ്റുമാര്‍ കുറവായതിനാല്‍ നിലവിലെ ലോക്കോ പൈലറ്റുമാര്‍ക്ക് രാപകല്‍ വ്യത്യാസമില്ലാതെ ജോലി ചെയ്യേണ്ടിവരികയാണ്. ഈ വര്‍ഷം(2023) മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ 40 ശതമാനത്തിലധികം ലോക്കോ പൈലറ്റുമാര്‍ക്കും 12 മണിക്കൂറിലധികം ജോലി ചെയ്യേണ്ടിവന്നുവെന്നാണ് അസ്സോസിയേഷന്‍ പറയുന്നത്. പലപ്പോഴും ജോലി കഴിഞ്ഞ് പോകുന്നവരെ തുടര്‍ന്നും ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന റെയില്‍വേയുടെ ഉന്നതതല യോഗവും വര്‍ധിച്ചുവരുന്ന അപകടങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി. കൊവിഡ് കാലത്ത് നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകളെല്ലാം സാധാരണ നിലയിലായെങ്കിലും ഓരോ വര്‍ഷവും വിരമിക്കുന്ന ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടക്കുന്നില്ല. ഇതുമൂലം ലോക്കോ പൈലറ്റുമാരുടെ ജോലി സമ്മര്‍ദം വര്‍ധിച്ചിട്ടുണ്ടെന്ന് ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസ്സോസിയേഷന്‍ പറയുന്നു.
റെയില്‍വേ സംരക്ഷണ സേനയുടെ ആയിരക്കണക്കിന് തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം റെയില്‍വേ പരിസരത്ത് മാത്രമല്ല ട്രെയിനിനകത്തും വേണ്ടത്ര സുരക്ഷയൊരുക്കാന്‍ കഴിയുന്നില്ല. എലത്തൂര്‍ തീവണ്ടി തീവെപ്പിന് ശേഷം അതേ രീതിയില്‍ വീണ്ടും തീവെപ്പുണ്ടായതും റെയില്‍വേ പരിസരത്തെ സുരക്ഷാ പാളിച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അന്വേഷണം നടത്തി രക്ഷപ്പെടുന്നതിന് പകരം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്താനും വേണ്ടത്ര സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താനും നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.