തമിഴ്നാട്: തമിഴ്‌നാട്ടിൽ ചെങ്കൽപട്ട്, വില്ലുപുരം ജില്ലകളിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 18 പേർക്കാണ് ജീവൻ നഷ്ടമായത്. വ്യാജമദ്യവും ഗുട്കയും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തതിന് 57 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. മരക്കാനം ഇൻസ്‌പെക്ടർ അരുൾ വടിവഴകൻ, സബ് ഇൻസ്‌പെക്ടർ ദീബൻ, കോട്ടക്കുപ്പം പ്രൊഹിബിഷൻ എൻഫോഴ്‌സ്‌മെന്റ് വിങ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മരിയ സോഫി മഞ്ജുള, സബ് ഇൻസ്‌പെക്ടർ ശിവഗുരുനാഥൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
വ്യാജമദ്യ ദുരന്തത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ നടന്ന വൻ വ്യാജമദ്യ വേട്ടയ്ക്കിടെ 1558 പേർ അറസ്റ്റിലായി. 1842 കേസുകളാണ് വ്യാജ മദ്യവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 19,028 ലിറ്റർ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചുവെന്ന് പൊലിസ് പറഞ്ഞു. ഒരു കാറും ഏഴ് ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു. അനധികൃതമായെത്തിച്ച 4720 കുപ്പി വിദേശ മദ്യവും പിടികൂടി.
മദ്യപാനം മൂലം സംസ്ഥാനത്ത് നടക്കുന്ന മരണങ്ങളിൽ ദുഃഖമുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സംഭവത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് 50,000 രൂപയും നൽകാനും അദ്ദേഹം ഉത്തരവിട്ടു.



