മധ്യപ്രദേശ്: മധ്യപ്രദേശില്‍ സര്‍ക്കാരിന്റെ ഭൂമിയില്‍ കൃഷി ചെയ്‌തെന്നാരോപിച്ചു പൊലീസ് വിളവു നശിപ്പിച്ചതില്‍ മനംനൊന്തു ജീവനൊടുക്കാന്‍ ശ്രമിച്ച് ദലിത് ദമ്പതികള്‍. വിളവ് എടുക്കാനായെന്നും അതുവരെ സമയം നല്‍കണമെന്നും അപേക്ഷിച്ച ദമ്പതികളെ പോലീസ് ക്രൂരമായി ഓടിച്ചിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. വര്‍ഷങ്ങളായി ഈ ഭൂമിയില്‍ കൃഷിയിറക്കുന്നതാണെന്നും 3 ലക്ഷം രൂപ കടമുണ്ടെന്നും ഇവ ആരാണു വീട്ടുകയെന്നും ദമ്പതികള്‍ കണ്ണീരോടെ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഗുണ ജില്ലയിലാണ് സംഭവം. ജനക് പൂല്‍ ചക് ഗ്രാമത്തില്‍ താമസിക്കുന്ന രാംകുമാര്‍ അഹിര്‍വാര്‍ (37), ഭാര്യ സാവിത്രി അഹിര്‍വാര്‍ (35) എന്നിവരാണ് കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്നും ഇവരെ പൊലീസ് മര്‍ദ്ദിക്കുന്നതും ആംബുലന്‍സിലേക്ക് വലിച്ചിഴക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും അഞ്ചര ഏക്കര്‍ സ്ഥലത്താണ് ഇവര്‍ കൃഷിയിറക്കിയത്. ചൊവ്വാഴ്ച റവന്യൂ ഉദ്യോഗസ്ഥര്‍ പൊലീസിനെയും കൂട്ടി സ്ഥലത്തെത്തി സര്‍ക്കാര്‍ ഭൂമിയാണെന്നും ഒഴിയണമെന്നും ആവശ്യപ്പെട്ടു. വിളവെടുക്കാറായെന്നും അതുവരെ സമയം തരണമെന്നുമുള്ള അഭ്യര്‍ഥന ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല. കൃഷി പൂര്‍ണമായും ഉദ്യോഗസ്ഥര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് മക്കളുടെ മുന്നില്‍വച്ച് ദമ്പതികള്‍ കീടനാശിനി കഴിച്ചത്.
2018ല്‍ കോളജ് നിര്‍മിക്കാനായി നീക്കിയിട്ട അഞ്ചേക്കര്‍ ഭൂമി ദമ്പതികള്‍ കയ്യേറി കൃഷി നടത്തിയെന്നാണു സര്‍ക്കാര്‍ വിശദീകരണം. സ്ഥലം ഒഴിപ്പിക്കാന്‍ പലതവണ ശ്രമം നടന്നെങ്കിലും കര്‍ഷകരുടെ പ്രതിഷേധം മൂലം ഉദ്യോഗസ്ഥര്‍ക്കു പിന്‍മാറേണ്ടി വന്നു. ചൊവ്വാഴ്ച തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഉടന്‍ ഒഴിഞ്ഞുപോകാന്‍ ദമ്പതികളോട് ആവശ്യപ്പെട്ടു. പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടു. വിളകള്‍ മണ്ണുമാന്തി ഉപയോഗിച്ച് നശിപ്പിക്കുന്നതിനിടെയാണു ദമ്പതികള്‍ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവരുടെ കുട്ടികളും സ്ഥലത്തുണ്ടായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധം ശക്തമായതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ റിപ്പോര്‍ട്ട് തേടി. ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ജില്ലാ മജിസ്ട്രേറ്റിനേയും എസ്പിയേയും സ്ഥാനത്ത് നിന്ന് നീക്കിയിട്ടുമുണ്ട്.
മധ്യപ്രദേശില്‍ ദലിത് കര്‍ഷക ദമ്പതികള്‍ക്ക് നേരെയുണ്ടായ ആക്രമണം അതി ക്രൂരവും ലജ്ജാകരവുമാണ്. ബി ജെ പി ഭരണത്തില്‍ വന്നതോടുകൂടി രാജ്യത്ത് ദലിതര്‍ക്കെതിരായ ആക്രമണങ്ങള്‍ കൂടിയതായും അവര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈകൊള്ളണമെന്നും മായാവതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.




