സി എച്ച് ആർ റവന്യൂ ഭൂമി വനമാക്കാനുള്ള ശ്രമം ചെറുത്ത് പരാജയപ്പെടുത്തണം: അഖിലേന്ത്യാ കിസാൻ സഭ

1897 ൽ തിരുവിതാംകൂർ രാജഭരണം ഏലമല പ്രദേശമായി 15,720 ഏക്കർ ഭൂമിയെ ഹൈറേഞ്ചിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഏലകൃഷിക്ക് വേണ്ടി പ്രത്യേക ചട്ടങ്ങളും നിലവിൽ വന്നു. ഈ പ്രദേശങ്ങളിലെ മരങ്ങളുടെ സംരക്ഷണ ചുമതല വനം വകുപ്പിന് നൽകി. എന്നാൽ ഇതിന്റെ മറവിൽ ഈ പ്രദേശം വനമാക്കാൻ ഇപ്പോൾ ചില നിഗൂഢ ശക്തികൾ നടത്തുന്ന ശ്രമം പരാജയപ്പെടുത്തണമെന്ന് അഖിലേന്ത്യാ കിസാൻ സഭാ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ആവശ്യപ്പെട്ടു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷം 1958 ലും 1987 ലും സംസ്ഥാന സർക്കാർ ഈ പ്രദേശം റവന്യൂ ഭൂമിയാണെന്ന് വ്യക്തമാക്കി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ചില പരിസ്ഥിതി സംരക്ഷണ സംഘടനകൾ സുപ്രീംകോടതിയിൽ 2005 ൽ കേസ് കൊടുത്തിരുന്നു. 5 ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന പ്രദേശം 1980 ലെ വനസംരക്ഷണ നിയമപ്രകാരം ഫോറസ്റ്റിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കൊടുത്തിരിക്കുന്ന കേസിന്റെ ഹിയറിങ് 17/03/2023 മുതൽ നടക്കാൻ പോവുകയാണ്. സംസ്ഥാന ഗവൺമെന്റ് കൃഷിക്കാർക്ക് വേണ്ടി ശക്തമായ നിലപാട് ഇതിനോടകം എടുത്തു കഴിഞ്ഞിട്ടുള്ളത് നന്ദിപൂർവ്വം സ്മരിക്കുന്നു.

കേരളത്തിനുവേണ്ടി ചീഫ് സെക്രട്ടറി തന്നെ അഫിഡവിറ്റ് സമർപ്പിക്കുകയും സീനിയർ അഭിഭാഷകനായ ജെ.ഡി. ഗുപ്തയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന കൗൺസിലിന് പുറമേയാണിത്. ഏലംകൃഷിക്ക് മാത്രമല്ല ഭക്ഷ്യവിളകളും, മറ്റു കൃഷികളും ചെയ്യാൻ രാജ്യ ഭരണകാലത്ത് പട്ടയം നൽകിയിട്ടുണ്ട്. എന്നാൽ നിരന്തരമായി പശ്ചിമഘട്ടത്തിന്റെ പേരിൽ മലയോര ജനതയ്ക്കെതിരായി ചില പരിസ്ഥിതി സംഘടനകളും മറ്റുചിലരും വനം-പരിസ്ഥിതി നിയമങ്ങൾ ഉപയോഗപ്പെടുത്തി കോടതി വ്യവഹാരങ്ങളിലൂടെ നിരന്തരമായി മലയോര ജനതയെ വേട്ടയാടുകയാണ്. പരസ്യമായി ഒരു സംവാദത്തിനും തയ്യാറാകാത്ത ഇവരുടെ പുറകിൽ വനംവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുമുണ്ട്. ഇത് അന്വേഷണ വിധേയമാക്കണം. എൻജിഒ ആരാണെന്നും ഇവർക്ക് ഇങ്ങനെ കേസ് നടത്താൻ ഇത്രയധികം പണം എവിടെ നിന്ന് ലഭിക്കുന്നുവെന്നും ഗവൺമെന്റ് അന്വേഷിക്കണം. പരമോന്നത നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന കേസ് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ളവരുടെ പേരിൽ നടപടി വേണം.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി ചില വ്യക്തികൾ നടത്തുന്ന കുപ്രചരണങ്ങൾ അവഗണിക്കണമെന്നും ജനങ്ങൾക്കെതിരായ എല്ലാവിധ പ്രവർത്തനങ്ങളെയും ചെറുത്ത് പരാജയപ്പെടുത്താൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും കിസാൻ സഭ ആഹ്വാനം ചെയ്തു.

പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് പി.കെ സദാശിവൻ, സെക്രട്ടറി ടി.സി കുര്യൻ, സംസ്ഥാന കൗൺസിൽ അംഗം ജോയി വടക്കേടം എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →