പുനെ: സുപ്രധാനമായ ഒരു തീരുമാനമെടുക്കേണ്ടിവരുന്ന സാഹചര്യത്തില്‍ പൊതുജനതാത്പര്യം കൂടി താന്‍ പരിഗണിക്കുമെന്നും ജനങ്ങളുടെ താത്പര്യത്തെക്കുറിച്ച് തനിക്ക് ധാരണയുണ്ടെന്നും അതിനാല്‍ത്തന്നെ പാകിസ്താന് സഹായം നല്‍കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ മറുപടി എന്താണെന്ന് ഇതിനോടകം മനസിലായിട്ടുണ്ടാവുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കര്. ഭീകരപ്രവര്‍ത്തനം പ്രധാന വ്യവസായമായ ഒരു രാജ്യത്തിന് ഒരിക്കലും പ്രശ്നങ്ങളില്‍ നിന്ന് പുറത്തുകടക്കുകയോ പുരോഗതി കൈവരിക്കുകയോ ചെയ്യാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാജ്യം നിലവില്‍ നേരിടുന്ന പ്രതിസന്ധി അതിജീവിക്കാന്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള സഹായം ലഭ്യമാക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-പാക് ബന്ധത്തിലെ അടിസ്ഥാനപ്രശ്നം ഭീകരപ്രവര്‍ത്തനമാണെന്നും അക്കാര്യം ഒരുതരത്തിലും അവഗണിക്കാനാവില്ലെന്നും ജയ്ശങ്കര് പറഞ്ഞു. വിദേശകാര്യമന്ത്രാലയം സംഘടിപ്പിച്ച ഏഷ്യ ഇക്കണോമിക് ഡയലോഗില്‍ പങ്കെടുക്കവെയാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.
ദേശീയ സുരക്ഷ സംരക്ഷിക്കാന്‍ ഇന്ത്യ ഏതറ്റം വരെയും പോകുമെന്നുള്ളതാണ് ഇന്ത്യയുടെ പ്രതിച്ഛായ. ദേശീയ സുരക്ഷ സംബന്ധിച്ചുള്ളതാണ് രാജ്യത്തിനുമുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അടിസ്ഥാന നിയന്ത്രണരേഖകള്‍ ഇന്ത്യ ഒരിക്കലും ലംഘിക്കുകയോ അവ ലംഘിക്കാന്‍ ആരേയും അനുവദിക്കുകയോ ചെയ്യില്ലെന്നും ജയ്ശങ്കര് വ്യക്തമാക്കി. ആത്മനിര്‍ഭര്‍ ഭാരതിന് പ്രോത്സാഹനമേകുന്ന നയങ്ങള്‍ക്കാണ് രാജ്യമിപ്പോള്‍ ശ്രദ്ധ നല്‍കുന്നത്. വാണിജ്യമേഖലയിലുള്പ്പെടെയുള്ള വിദേശകടന്നുകയറ്റം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നതാണെന്നും ചൈനയെ പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.




