റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂളുകള്‍ക്കുള്ള ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

February 8, 2023 - 3:30 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കുള്ള ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും സര്‍ക്കാര്‍, എം.പി, എം.എല്‍.എ, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളിലാണ് ഭേദഗതി. ഐടി ഉപകരണങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്‌പെസിഫിക്കേഷന്‍, വില്പനാനന്തര സേവനവ്യവസ്ഥകള്‍ എന്നിവ നിഷ്‌കര്‍ഷിച്ചാണ് പുതിയ ഉത്തരവ്.

എല്ലാ ഐടി ഉപകരണങ്ങള്‍ക്കും അഞ്ചു വര്‍ഷ വാറണ്ടി ഉറപ്പാക്കണം. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നവര്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കോള്‍ സെന്റര്‍ നമ്പര്‍, വെബ് പോര്‍ട്ടല്‍ അഡ്രസ് എന്നിവ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കണം. പരാതികള്‍ പരിഹരിക്കുന്നത് വൈകിയാല്‍ പ്രതിദിനം 100/ രൂപ നിരക്കില്‍ പിഴ ഈടാക്കും. ഡിജിറ്റല്‍ ഉള്ളടക്കം/ഡിജിറ്റല്‍ ലൈബ്രറി എന്നിവ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പ് എസ്.സി.ഇ.ആര്‍.ടി.യുടെയും കൈറ്റിന്റെയും അംഗീകാരം നേടണം. ലൈസന്‍സ് നിബന്ധനകളുള്ള സോഫ്റ്റ്‌വേറുകള്‍ സ്‌കൂളുകളില്‍ ഉപയോഗിക്കരുത്. സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കരുത്. ഓരോ വര്‍ഷവും പ്രത്യേക ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഡിറ്റ് നടത്തണം. ഇതിനെ കൈറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ – എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അടുത്ത മാസത്തോടെ 36,366 ലാപ്‌ടോപ്പുകള്‍ കൈറ്റ് പുതുതായി ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഹൈടെക് പദ്ധതികളുടെ ഭാഗമായി ഇതുവരെ 4.4 ലക്ഷം ഉപകരണങ്ങള്‍ 760 കോടി രൂപ ചെലവില്‍ സ്‌കൂളുകളില്‍ വിന്യസിച്ചു. അഞ്ചുവര്‍ഷ വാറണ്ടി പൂര്‍ത്തിയാകുന്ന 32000 ലാപ്‌ടോപ്പുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് എ.എം.സി ഏര്‍പ്പെടുത്തി. വാറണ്ടി കാലാവധി തീരുന്ന 90,000 ലാപ്‌ടോപ്പുകള്‍ക്കും 70,000 പ്രൊജക്ടറുകള്‍ക്കും എ.എം.സി ഏര്‍പ്പെടുത്താന്‍ കൈറ്റ് നടപടി സ്വീകരിക്കും. വിതരണം ചെയ്ത അഞ്ച് ലക്ഷത്തോളം ഉപകരണങ്ങള്‍ക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹൈടെക് ലാബുകള്‍ക്കായി ലാപ്‌ടോപ്പുകള്‍ അനുവദിക്കുന്നത് ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വ്യത്യാസമില്ലാതെ പൊതുവായി ഉപയോഗിക്കാനാണെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *