അമ്മയെ നഷ്ടപ്പെട്ട് നവജാതശിശു; സിറിയയില്‍നിന്ന് നൊമ്പരക്കാഴ്ച

അലപ്പോ: ദുരന്തഭൂമിയില്‍ പിറന്നുവീണയുടന്‍ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിന്റെ ചിത്രമാണ് സിറിയയിലെ ഭൂകമ്പത്തിന്റെ കണ്ണീര്‍ക്കാഴ്ച. ഭൂകമ്പാവശിഷ്ടങ്ങള്‍ക്കിടയിലേക്കാണ് ആ കുഞ്ഞ് പിറന്നുവീണത്. സര്‍വതും തകര്‍ന്നിടത്തേക്ക് മരണത്തെയും അതിജീവിച്ചെത്തിയ കുഞ്ഞിന് അമ്മയെ നഷ്ടമായി. പ്രസവത്തിന്റെ സങ്കീര്‍ണതകളെ ദുരന്തത്തിന്റെ തീവ്രതയ്ക്കിടയില്‍ അതിജീവിക്കാന്‍ അമ്മയ്ക്കു കഴിഞ്ഞില്ല, അവര്‍ മരണത്തിനു കീഴടങ്ങി. എന്നാല്‍, മരണത്തെ തോല്‍പ്പിക്കാന്‍ ആ കുഞ്ഞുമായി ആശുപത്രിയിലേക്കു പായുന്ന രക്ഷാപ്രവര്‍ത്തകരുടെ ദൃശ്യവും ചിത്രങ്ങളും കണ്ണീര്‍ക്കാഴ്ചകള്‍ക്കിടയിലും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു, സങ്കടഭൂമിയില്‍നിന്നുള്ള പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും ചിത്രമെന്ന പേരില്‍.

നവജാതശിശുവിനെ തന്റെ കൈകളിലെടുത്ത് തകര്‍ന്ന കെട്ടിടക്കൂമ്പാരങ്ങള്‍ക്കിടയിലൂടെ നടന്നുവരുന്ന രക്ഷാപ്രവര്‍ത്തകനാണ് ദൃശ്യത്തിലുള്ളത്. മറ്റൊരാള്‍ പൊടിപിടിച്ച പച്ചപ്പുതപ്പുമായി അയാള്‍ക്കു പിന്നാലെ കുതിക്കുന്നു. തുടര്‍ന്ന് ആ പുതപ്പ് തണുത്ത കാലാവസ്ഥയില്‍നിന്ന് കുഞ്ഞിനു രക്ഷയേകാനായി രക്ഷാപ്രവര്‍ത്തകന്റെ നേര്‍ക്ക് എറിഞ്ഞുനല്‍കുന്നതും ദൃശ്യത്തിലുണ്ട്. അവന് ജന്മം നല്‍കിയതു പിന്നാലെ അമ്മ മരണത്തിനു കീഴടങ്ങിയെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്ന സിറിയയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ജെന്‍ഡറസിലാണ് ഈ സംഭവമെന്നാണു ലഭ്യമായ വിവരം. കിഴക്കന്‍ ഡീര്‍ എസ്സര്‍ മേഖലയില്‍ നിന്ന് കുടിയൊഴിക്കപ്പെട്ടതാണ് കുഞ്ഞിന്റെ അമ്മയും കുടുംബവുമെന്നും സൂചനയുണ്ട്.

Share
അഭിപ്രായം എഴുതാം