മേല്‍ക്കൈ കളഞ്ഞ് കേരളം

തിരുവനന്തപുരം: ഗോവയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തില്‍ മേല്‍ക്കൈ കളഞ്ഞുകുളിച്ച് കേരളം. ബാറ്റര്‍മാര്‍ കളിമറന്നതോടെ അവസാന അഞ്ചുവിക്കറ്റ് 18 റണ്ണിനു കളഞ്ഞുകുളിച്ച ആതിഥേയര്‍ ആദ്യ ഇന്നിങ്‌സില്‍ 265 റണ്ണിന് ഓള്‍ ഔട്ടായി.ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഗോവ രണ്ടാംദിവസം കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ചു വിക്കറ്റിന് 200 റണ്ണെന്ന നിലയില്‍. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ ഗോവയ്ക്ക് ഇനി വേണ്ടത് 65 റണ്‍ കൂടി.മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ ലക്ഷ്യമിട്ട് 04/01/2023 രാവിലെ കളത്തിലിറങ്ങിയ കേരളം പക്ഷേ, ഗോവയുടെ മികച്ച ബൗളിങ്ങിനു മുന്നില്‍ ചൂളി. അഞ്ചുവിക്കറ്റിന് 247 റണ്ണിലാണ് ഇന്നലെ കേരളം ബാറ്റിങ് തുടര്‍ന്നത്. തലേന്നത്തെ അതേ സ്‌കോറില്‍ സെഞ്ചുറിവീരന്‍ രോഹന്‍ പ്രേമി(112)ന്റെ രൂപത്തില്‍ ആറാം വിക്കറ്റ് വീണു.

ജലജ് സക്‌സേന ഏഴു പന്തില്‍ 12 റണ്ണടിച്ച് ഗാര്‍ഗിനു കീഴടങ്ങിയതോടെ വാലറ്റം ഘോഷയാത്ര തുടങ്ങി. 263-ല്‍ ഏഴാം വിക്കറ്റ് വീണതിനുശേഷം നാലു റണ്‍കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ചവര്‍ തിരികെ കൂടാരം കയറി. ബേസില്‍ തമ്പി (ഒന്ന്), വൈശാഖ് ചന്ദ്രന്‍ (പൂജ്യം) എന്നിവര്‍ വന്നതും പോയതും ഒരുമിച്ചുകഴിഞ്ഞു.
തലേന്ന് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് ഏഴു റണ്ണടിച്ച് മടങ്ങിയതോടെ കേരള ഇന്നിങ്‌സിനു തിരശീലവീണു. ലക്ഷയ് ഗാര്‍ഗ് നാലു വിക്കറ്റുമായി ഗോവന്‍ ബൗളര്‍മാരില്‍ തിളങ്ങി.സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍, ശുഭം ദേശായ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. സിദ്ദേഷ് ലാഡിനും മോഹിത് റെഡ്കറിനും ഓരോ ഇരകളെ കിട്ടി.മറുപടി പറഞ്ഞ ഗോവയ്ക്ക് ഓപ്പണര്‍മാരായ അമോഖ് സുനില്‍ ദേശായിയും ഇഷാന്‍ ഗാഡേക്കറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കി. 62 റണ്ണിലാണ് ആദ്യവിക്കറ്റ് വീണത്. 29 റണ്ണടിച്ച അമോഖിനെ സിജോമോന്‍ പുറത്താക്കി. സുയാഷ് പ്രഭുദേശായ്(3), സ്‌നേഹല്‍ കൗതങ്കര്‍ (7) എന്നിവര്‍ പിന്നാലെ കൂടാരം കയറിയതോടെ ഗോവ മൂന്നിന് 87 റണ്ണെന്ന നിലയിലേക്കു വീണു.എന്നാല്‍ സിദ്ദേഷ് ലാഡ് (35), ദര്‍ശന്‍ മിസാല്‍ (പുറത്താകാതെ 37) എന്നിവരെ കൂട്ടുപിടിച്ച് ഇഷാന്‍ ഗോഡേക്കര്‍ (പുറത്താകാതെ 76) നടത്തിയ പ്രകടനം ഗോവയെ രക്ഷിച്ചു. ഏക്‌നാഥ് കേര്‍ക്കറെ ജലജ് സക്‌സേന പുറത്താക്കി.കേരളത്തിനായി സിജോമോന്‍ ജോസഫ് മൂന്നും വൈശാഖ് ചന്ദ്രനും ജലജ് സക്‌സേനയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →