റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതിനെട്ടാം പടി കയറ്റത്തില്‍ താമസം; പോലീസിനെ പഴിച്ച് ബോര്‍ഡ് പ്രസിഡന്റ്

December 16, 2022 - 4:22 pm

ശബരിമല: ശബരിമലയിലെ വന്‍ തിരക്കിനു പോലീസിനെ പഴിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍. വ്യാഴാഴ്ച (15.12.2022) പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് പോലീസിനെ പ്രസിഡന്റ് പ്രതിക്കൂട്ടിലാക്കിയത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.

സന്നിധാനത്തു നിന്ന് ശബരിപീഠം വരെ ക്യൂ നീളുകയും ഇലവുങ്കല്‍ മുതല്‍ ളാഹ വരെ വാഹനം തടഞ്ഞിടുകയും ചെയ്തിട്ടും സന്നിധാനത്തും ഫ്ളൈഓവറിലും തിരക്ക് അനുഭവപ്പെടാത്തത് പടികയറ്റത്തിന്റെ വേഗത കുറഞ്ഞതു കൊണ്ടാണെന്ന് പ്രസിഡന്റ് പറഞ്ഞു. തീര്‍ഥാടകരെ അധികനേരം വരിനിര്‍ത്താതെ പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തണം. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേഗത്തില്‍ ദര്‍ശനമൊരുക്കാന്‍ സൗകര്യം ഒരുക്കണം. ഇതിന്റെ ഭാഗമായി ഇവരെ ചന്ദ്രാനന്ദന്‍ റോഡിലൂടെ കടത്തിവിടണം. കുട്ടികളോടൊപ്പം ഒരു രക്ഷാകര്‍ത്താവിനെ അനുഗമിക്കാന്‍ അനുവദിക്കണം. ഇവര്‍ക്കായി വലിയ നടപ്പന്തലില്‍ പ്രത്യേകം ക്യൂ ഒരുക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടങ്ങിയ തീര്‍ഥാടകര്‍ മണിക്കൂറുകളോളം വരി നിന്നാണ് അയ്യപ്പ ദര്‍ശനം നടത്തിയത്. പോലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ സംസാരമുണ്ടായിരുന്നു. ഇതിനിടെയാണ് തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് പോലീസിനെ പ്രസിഡന്റ് വിമര്‍ശിച്ചത്. നേരത്തെ മിനിറ്റില്‍ 70-90 തീര്‍ഥാടകര്‍ പടി കയറിയിടത്ത് അറുപതും അതില്‍ കുറവുമാണ് കയറിയത്. തുടര്‍ന്ന് പൂര്‍ണ ചുമതല ഇന്ത്യ റിസര്‍വ് ബറ്റാലിയ(ഐ.ആര്‍.ബി)നെ ഏല്‍പ്പിച്ചു. എന്നിട്ടും വലിയ മാറ്റം ഉണ്ടായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *