റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് : ബാബുഭായിക്ക് പാടാനേ അറിയൂ. ജനിച്ചതു തന്നെ പാട്ടിന് നടുവിലേക്കാണ്. ഓർമവെച്ചപ്പോൾമുതൽ കേൾക്കുന്നതും പാട്ടാണ്. അങ്ങനെ ‘ജന്മനാൽത്തന്നെ’ ബാബുഭായി പാട്ടുകാരനായാണ് വളർന്നത്. ആ ബാബു ഭായിയോടാണ് പെട്ടെന്നൊരു ദിവസം പാടേണ്ടെന്ന് പോലീസ് പറഞ്ഞത്. അതുകേട്ട് നെഞ്ചുപൊട്ടിനിൽക്കേ അടിച്ചോടിച്ചത് എന്തിനാണെന്നുപോലും ഇപ്പോഴും മനസ്സിലായിട്ടില്ല അദ്ദേഹത്തിന്.

മിഠായിത്തെരുവിലും ബീച്ചിലും മറ്റും പാട്ടുപാടി ജീവിച്ചിരുന്ന ബാബുഭായിയെയും കുടുംബത്തെയുമാണ് പോലീസ് പാട്ടുപാടാൻ സമ്മതിക്കാത്തത്. ആറുമാസം മുമ്പാണ് സംഭവം. പിന്നീട് പലതവണ തെരുവിൽ പാടാനെത്തിയെങ്കിലും സമ്മതിച്ചില്ല. പാട്ടുകേട്ട് ചുറ്റും ആളുകൂടുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നാണ് പോലീസ് പറഞ്ഞതത്രേ. ”പത്തോ പതിനഞ്ചോ പേർ ചുറ്റും കൂടിയാലായി. അതുകൊണ്ട് എന്ത് പ്രശ്‌നമാണുണ്ടാകുന്നതെന്നറിയില്ല. ഞാനും ഭാര്യയും ഏഴ് കുട്ടികളുമുള്ള കുടുംബം ഇതുവരെ കഴിഞ്ഞുപോയത് അതുകൊണ്ടാണ്. കുട്ടികളെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം പാട്ടുപാടിയാണ്. ആരും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പിന്നെ ഇപ്പോഴെന്താ…”-ബാബു ഭായ് ചോദിക്കുന്നു.

ബാബുഭായ് ജനിക്കുംമുമ്പ് ഗുജറാത്തിൽ നിന്ന് കോഴിക്കോട്ടെത്തിയതാണ് അച്ഛനും അമ്മയും. ജനിച്ചതും വളർന്നതുമെല്ലാം കല്ലായിയിലാണ്. ഗുജറാത്തിൽ പോയതുതന്നെ ഏതാനും തവണ മാത്രം. സ്വന്തം വീടുതന്നെയാണ് കോഴിക്കോട്.

പാടാൻ സമ്മതം ചോദിച്ച് ബാബുഭായ് കളക്ടറെ കണ്ടു. ”അദ്ദേഹം സമ്മതിച്ചു. എഴുതി നൽകാനാവില്ലെന്നുപറഞ്ഞു. അങ്ങനെ വീണ്ടും പാടാനെത്തി. അപ്പോഴും പോലീസ് സമ്മതിച്ചില്ല. കളക്ടർ സമ്മതംതന്ന കാര്യം പറഞ്ഞപ്പോൾ എഴുതിത്തന്നിട്ടുണ്ടോ എന്ന് ചോദ്യം. ഇല്ലെങ്കിൽ പാടാനാവില്ല-പോലീസ് തീർത്തുപറഞ്ഞു. ഒടുവിൽ കമ്മിഷണർ ഓഫീസിലുംപോയി പരാതി നൽകി”-ബാബുഭായി പറഞ്ഞു. പക്ഷേ, ഫലമൊന്നും ഉണ്ടായിട്ടില്ല.

ബാബുവിന്റെ അവസ്ഥകണ്ട് ഇന്ത്യൻ യൂത്ത് അസോസിയേഷൻ ‘ബാബുഭായ് പാടട്ടെ’ എന്ന പേരിൽ ചക്കോരത്തുകളം തപോവനത്തിൽ അദ്ദേഹത്തിന് പാടാനായി വേദിയൊരുക്കി. ഭാര്യയും മകൾ കൗസല്യയും ഒപ്പമുണ്ടായിരുന്നു. ഐ.വൈ.എ.യുടെ 50-ാം വാർഷികാഘോഷത്തിന് തുടക്കം കുറിച്ചായിരുന്നു പരിപാടി. കേൾക്കാനെത്തിയവരിൽനിന്ന് സമാഹരിച്ച സഹായധനം ഐ.വൈ.എ. പ്രസിഡന്റ് ടി.ഡി. ഫ്രാൻസിസ് കൈമാറി. സ്പ്രിങ് ട്യൂൺസ് ഫെയ്സ് ബുക്ക് ഗ്രൂപ്പിന്റെ സഹായധനവും നൽകി. കൺവീനർ മനോജ് കുമാർ, കെ. വിനയൻ എന്നിവർ സംസാരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *