മലപ്പുറം: അക്യുപങ്ചര്‍ ചികിത്സയിലൂടെ മൂത്രസംബന്ധമായ അസുഖം മാറ്റിത്തരാമെന്ന് പറഞ്ഞു കബളിപ്പിച്ചതായി പരാതി. മലപ്പുറം മാറഞ്ചേരി സ്വദേശി തവയില്‍ അബൂബക്കറാണ് മാറഞ്ചേരി സെന്ററില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തുന്ന ശുഹൈബ് റിയാലുവിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പത്തുവര്‍ഷമായി അബൂബക്കറിന്റെ പിത്തസഞ്ചിയില്‍ വേദനയുമായി ബന്ധപ്പെട്ടാണ് അക്യുപങ്ചര്‍ ചികിത്സകനെ സമീപിക്കുന്നത്.തന്റെ ചികിത്സയിലൂടെ പൂര്‍ണമായും മാറ്റിത്തരാമെന്ന് വിശ്വസിപ്പിക്കുകയും ഇംഗ്ലീഷ് മരുന്നുകള്‍ കഴിക്കരുതെന്നും ഡോക്ടര്‍മാരെ കാണരുതെന്നും പറഞ്ഞു വിലക്കിയതായും അബൂബക്കര്‍ പറയുന്നു. ഒക്ടോബര്‍ ഏഴിന് കൈകാലുകളില്‍ ശരീരത്തിന്റെ വലതുഭാഗത്തും വേദനയുണ്ടായപ്പോള്‍ അക്യുപങ്ചര്‍ ചികിത്സകനോട് മറ്റൊരു ആശുപത്രിയില്‍പോയി ഡോക്ടറെ കാണുവാന്‍ അനുവാദം ചോദിച്ചുവെങ്കിലും വിലക്കിയതായും പിന്നീട് തളര്ന്നുവീണപ്പോള് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നുവെന്നും അബൂബക്കര്‍ പറയുന്നു. പ്രമേഹം നിയന്ത്രിക്കാനാവാത്തതിനാല്‍ തലച്ചോറില്‍ കൊഴുപ്പ് കയറിയാണ് അസുഖം മൂര്‍ച്ഛിച്ചതെന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്യുപങ്ചര്‍ ചികിത്സനടത്തുന്ന ശുഹൈബ് റിയാലുവാണ് തന്റെ അസുഖം മൂര്‍ച്ഛിക്കുന്നതിന് കാരണമായതെന്നും ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്നും അക്യുപങ്ചര്‍ ചികിത്സ നടത്തുന്നതിന് ബന്ധപ്പെട്ടവരുടെ അനുമതിയുണ്ടെന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അബൂബക്കര്‍ പെരുമ്പടപ്പ് പോലീസിനും മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കും പരാതിനല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചതായും അന്വേഷണം നടത്തുന്നതായും പോലീസ് അറിയിച്ചു



