പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ കിത്തോ അന്തരിച്ചു

കൊച്ചി: പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ കിത്തോ (82) കൊച്ചിയില്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുപ്പതിലേറെ സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. കലാസംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്ത കിത്തോ തിരക്കുള്ള ചലച്ചിത്രപ്രവർത്തകരിൽ ഒരാളായി മാറി.

കൊച്ചിയിൽ ‘കിത്തോസ് ആർട്ട്’ എന്ന സ്ഥാപനം ഇളയ മകൻ കമൽ കിത്തോക്കൊപ്പം നടത്തിയിരുന്നു. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. ഭാര്യ ലില്ലി, മൂത്ത മകൻ അനിൽ.

കുട്ടിക്കാലത്ത് തന്നെ ചിത്രരചനയിലും ശില്പ നിർമാണത്തിലും സ്വയം പരിശീലനം നേടി. സ്കൂൾ കാലത്ത് തന്നെ പ്രിന്റിങ്ങിനുള്ള ചിത്രങ്ങൾ വരച്ചു നൽകി വരുമാനം കണ്ടെത്തി. മഹാരാജാസ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ മികച്ച ആർട്ടിസ്റ്റിനുള്ള ഗോൾഡ് മെഡൽ കോന്നോത്ത് ഗോവിന്ദമേനോൻ പുരസ്കാരം കരസ്ഥമാക്കി.

പ്രൊഫഷണൽ ആർട്ടിസ്റ്റ് ആവുക എന്ന ലക്ഷ്യത്തോടെ പ്രീഡിഗ്രി പഠനം ഉപേക്ഷിച്ച കിത്തോ ബന്ധുവും പോർട്രൈറ്റ് ആർട്ടിസ്റ്റും ആയ സേവിയർ അത്തിപ്പറമ്പന്റെ സഹായത്തോടെ കൊച്ചിൻ ആർട്സിൽ പഠിക്കുവാൻ തുടങ്ങി. ഏകദേശം നാലു വർഷക്കാലത്തെ കലാപരിചയം നേടിയ ശേഷം കൊച്ചിയിൽ എംജി റോഡിൽ “ഇല്ലസ്ട്രേഷന്‍ ആന്റ് ഗ്രാഫിക്സ്” എന്ന സ്ഥാപനം ആരംഭിച്ചു. സുഹൃത്തും തിരക്കഥാകൃത്തുമായ കലൂരിലെ ഡെന്നീസ് “ചിത്രകൗമുദി ” എന്ന സിനിമ മാസികയിൽ എഴുതിയിരുന്ന നീണ്ട കഥകൾക്ക് ചിത്രം വരച്ചു കൊടുത്തതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

ഇതോടെ കിത്തോയുടെ വരകൾ മറ്റു പ്രമുഖ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും വന്നുതുടങ്ങി. സിനിമ മാഗസിനുകളിലൂടെ സിനിമ ബന്ധങ്ങൾ ഉരുത്തിരിഞ്ഞു. ജേസി, ഐ വി ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമ മേഖലയിൽ സജീവമായ കിത്തോയുടെ പരസ്യങ്ങൾ പിന്നീട് മലയാള ചലച്ചിത്രലോകത്ത് ട്രെൻഡ് സെറ്റുകളായി. കലാസംവിധാനവും, പരസ്യ കലയും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന ഒരു ഘട്ടത്തിൽ തിരക്കേറിയ ചലച്ചിത്ര പ്രവർത്തകനായിരുന്നു. “ഉണ്ണികൃഷ്ണന്റെ ആദ്യ ക്രിസ്മസ് “എന്ന സിനിമയുടെ നിർമ്മാതാവാണ്. പിന്നീട് സിനിമ മേഖലയിൽ നിന്ന് അകന്ന കിത്തോ ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞു. ബൈബിൾ അധിഷ്ഠിത പുസ്തകങ്ങൾക്കായി നിരവധി ഇല്ലസ്ട്രേഷനുകളും നിർവഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →